
newsdesk
നാദാപുരം: 13വയസ്സുള്ള ബാലികയെ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനും വിധേയമാക്കിയ കേസിലെ പ്രതിക്ക് 53 വർഷം കഠിനതടവും രണ്ട്ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു.
കേസിലെ പ്രതിയായ നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങൽ സ്വദേശി ചേരമ്പറ്റമീത്തൽ മുഹമ്മദ് റെയ്ഹാനെ (41) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദേവൻ. കെ. മേനോൻ ശിക്ഷിച്ചത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന പതിമൂന്ന് വയസ് കാരിയായ വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിനും ബലാത്സംഗത്തിനുംവിധേയമാക്കിയയെന്നാണ് കേസ്.
2023ആഗസ്ത് മാസം 14,19 തിയ്യതികളിൽ അതിജീവിതയുടെ വീട്ടിൽ വെച്ച് ലൈംഗിക അതിക്രമത്തിനും ബലാൽസംഘത്തിനും ഇരയാക്കുകയായിരുന്നു. തുടർന്ന് സ്കൂൾ ടീച്ചർ മുഖേന ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴി സ്കൂളിൽ വെച്ച് പൊലീസ് രേഖപ്പെടുത്തുകയുമായിരുന്നു.ഹോട്ടൽ തൊഴിലാളിയായ പ്രതി പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന സമയത്താണ് അതിജീവിതയെ പീഡനത്തിനിരയാക്കിയത്. പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ബലാത്സംഗത്തിനും പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളുടെയും അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതി 2024 ഫെബ്രുവരി 28തീയതി മുതൽ വിചാരണ തടവുകാരനായി കഴിഞ്ഞു വരികയായിരുന്നു. പല തവണ ജാമ്യപേക്ഷ ബോധിപ്പിച്ചിരുന്നെങ്കിലും കേസിന്റെ ഗൗരവം കണക്കിലെടുത്തും പ്രോസിക്യൂഷൻ വാദത്തിന്റെയും അടിസ്ഥാനത്തിൽ ജാമ്യം നിഷേധിക്കുകയായിരുന്നു.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 13സാക്ഷികളെ വിസ്തരിക്കുകയും 21രേഖകൾ ഹാജരാക്കുകയും 4 തൊണ്ടി മുതലുകൾ ഹാജരാക്കുകയും ചെയ്തു. 2024 ഫെബ്രുവരി 27ന് രജിസ്റ്റർ ചെയ്ത കേസിൽ പേരാമ്പ്ര പൊലീസ്ഇൻസ്പെക്ടർ എം.എ. സന്തോഷ്, സബ് ഇൻസ്‌പെക്ടരും ഇപ്പോൾ കതിരൂർ ഇൻസ്‌പെക്ടറുമായ കെ.പി. വിനോദ്കുമാർ എന്നിവരാണ് അന്വേഷണം നടത്തി ചാർജ് ഷീറ്റ് ബോധിപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
