
Web Desk
മൈസൂരുവില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയും കുടുംബവും മൊഴി രേഖപ്പെടുത്താന്‍ നില്‍ക്കാതെ നഗരം വിട്ടുപോയെന്ന് പോലീസ്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താത്തത് അഞ്ച് പ്രതികള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസിനെ ദുര്‍ബലപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടി മൊഴി രേഖപ്പെടുത്താന്‍ തയ്യാറായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. കേസില്‍ നേരത്തെ മൊഴി രേഖപ്പെടുത്താതിരുന്നത് പെണ്‍കുട്ടിയുടെ മാനസികനില കണക്കിലെടുത്താണെന്നായിരുന്നു പോലീസും സര്‍ക്കാര്‍ അധികൃതരും നല്‍കുന്ന വിശദീകരണം.
ചാമുണ്ഡി ഹില്‍സിന് സമീപത്ത് വെച്ചാണ് ആറംഗ സംഘം ആണ്‍സുഹൃത്തിനെ മര്‍ദിക്കുകയും ഒപ്പമുണ്ടായിരുന്ന എംബിഎ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത്. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പണം തട്ടാനും പ്രതികള്‍ ശ്രമിച്ചു.സംഭവത്തില്‍ ആണ്‍സുഹൃത്ത് പരാതിപ്പെട്ടതു പ്രകാരമാണ് തമിഴ്‌നാട് സ്വദേശികളായ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തത്. അറസ്റ്റിലായവരില്‍ ഒരു പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് ബസ് ടിക്കറ്റ് മദ്യകുപ്പികള്‍ തുടങ്ങിയ തെളിവുകളും പോലീസ് കണ്ടെടുത്തിരുന്നു.
