Site icon CTV Online

കുറുവങ്ങാട് സ്‌കൂട്ടര്‍ അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചതില്‍ ദുരൂഹത; സ്‌കൂട്ടറില്‍ മറ്റൊരു വാഹനം ഇടിച്ചെന്ന സംശയം പ്രകടിപ്പിച്ച് നാട്ടുകാര്‍

കൊയിലാണ്ടി: കുറുവങ്ങാട് സ്‌കൂട്ടര്‍ അപകടത്തില്‍ മൂന്ന് എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് നാട്ടുകാര്‍. അപകടത്തില്‍പ്പെട്ട സ്‌കൂട്ടറിന്റെ പിന്നില്‍ മറ്റേതോ വാഹനം ഇടിച്ചിട്ടുണ്ടെന്ന സംശയം ഉന്നയിക്കുകയാണ് പ്രദേസവാസികള്‍. സ്‌കൂട്ടറിന്റെ പിന്‍ഭാഗത്ത് കേടുപാടുകള്‍ സംഭവിച്ച നിലയിലാണ്. നാട്ടുകാരുടെ ആരോപണത്തെക്കുറിച്ച് പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്.

പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. അതുകൊണ്ടുതന്നെ റോഡില്‍ വാഹനങ്ങള്‍ നന്നേ കുറവായിരുന്നു. അപകടത്തിന് പിന്നാലെ ഇതുവഴി കടന്നുപോയ ഓട്ടോ ഡ്രൈവറുടെ ശ്രദ്ധയിലാണ് ഈ സംഭവം പെട്ടതും അദ്ദേഹമാണ് നാട്ടുകാരെ അറിയിച്ചതും.

വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നായിരുന്നു പ്രാഥമിക നിഗമനം. സ്‌കൂട്ടറിന്റെ മുന്‍ഭാഗം മതിലില്‍ കുത്തിനില്‍ക്കുന്ന നിലയിലാണ് വാഹനം കണ്ടത്. അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികളും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. വാഹനത്തിന്റെ പിന്‍ഭാഗത്തുള്ള കേടുപാടുകളും മൂന്നുപേര്‍ക്കും മരണം സംഭവിക്കുന്ന തരത്തില്‍ വാഹനം ഇടിക്കണമെങ്കില്‍ പിറകില്‍ നിന്നോ എന്തോ ഇടിച്ചിട്ടുണ്ടാകുമെന്ന സംശയവുമാണ് നാട്ടുകാര്‍ പങ്കുവെക്കുന്നത്.

പകടം നടന്ന സ്ഥലം പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്. വടകര ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന പുരോഗമിക്കുകയാണ്. അതിനുശേഷമേ അപകടം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരൂ. മലബാര്‍ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ കൊല്ലം സ്വദേശിയായ നന്ദ കിഷാര്‍, കായംകുളം സ്വദേശി അഭിയാന്‍, പാലക്കാട് സ്വദേശി അഭിനവ് എന്നിവരാണ് മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Exit mobile version