newsdesk
തിരുവനന്തപുരം: കളിയിക്കാവിളയ്‌ക്ക് സമീപം കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദൂരൂഹത. പാപ്പനംകോട് കൈമനം സ്വദേശി എസ് ദീപുവിന്റെ (44) മൃതദേഹമാണ് ഇന്ന് പുലർച്ചെ 12 മണിയോടെ പൊലീസ് കണ്ടെത്തിയത്. തിരുവനന്തപുരം – കന്യാകുമാരി ദേശീയപാതയിൽ തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിള പടംതാലുമൂടുള്ള പെട്രോൾ പമ്പിന് സമീപമാണ് സംഭവം. കാറിലുണ്ടായിരുന്ന 20 ലക്ഷം രൂപ കാണാനില്ലെന്നാണ് വിവരം.
ദീപുവിന്റെ ഉടമസ്ഥതയിലുള്ള മഹേന്ദ്ര എസ്‌യുവി കാറിനുള്ളിൽ ഡ്രൈവർ സീറ്റിൽ സീറ്റ് ബെൽറ്റ് ധരിച്ച് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തിന്റെ 90 ശതമാനവും അറ്റുപോയ നിലയിലായിരുന്നു. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും കണ്ടെത്തിയിരുന്നില്ല. വാഹനം റോഡരികെ പാർക്ക് ചെയ്‌ത നിലയിലായിരുന്നു. അതിനാൽ ആരെയോ കാത്ത് നിൽക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് കരുതുന്നത്. പാർക്കിംഗ് ലൈറ്റിട്ട വാഹനം കണ്ടതോടെ പട്രോളിംഗിനിറങ്ങിയ പൊലീസുകാരാണ് മൃതദേഹം കണ്ടെത്തിയത്. ദീപുവുമായി അടുത്ത ബന്ധമുള്ള ആളാവണം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം.
മോഷണത്തിനിടെ ഉണ്ടായ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിലാണ് ഉദ്യോഗസ്ഥർ.വാഹനക്കച്ചവടക്കാരനായ ദീപു കോയമ്പത്തൂരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും യാത്ര തിരിച്ചത്. മൃതദേഹം ഇപ്പോൾ നാഗർകോവിൽ ആശാരിപള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.