അജ്ഞാത ന്യുമോണിയ’യ്ക്കുപിന്നിൽ പുതിയ രോഗാണുക്കളെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ചൈന; നിരീക്ഷണം തുടർന്ന് ഡബ്ല്യുഎച്ച്ഒ

Representative Image∙ Fotomay/ Shutterstock

ബെയ്ജിങ്∙ കുട്ടികളിൽ കാണപ്പെടുന്ന പുതിയ ശ്വാസകോശ രോഗങ്ങൾക്കുപിന്നിൽ പുതിയ രോഗാണുക്കളെ കണ്ടെത്താനായിട്ടില്ലെന്ന് ചൈന അറിയിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഒക്ടോബർ പകുതി മുതൽ ചൈനയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും വടക്കൻ ചൈനയിൽ കുട്ടികളിൽ ശ്വാസകോശരോഗങ്ങൾ വർധിക്കുന്നുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. നിരീക്ഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ നൽകണമെന്നും ഡബ്ല്യുഎച്ച്ഒ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകൾക്കു സമാനമായി ന്യുമോണിയ ബാധിതരെ കൊണ്ട് ആശുപത്രികൾ നിറയുകയാണെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്കൂൾ കുട്ടികളിൽ രോഗം പടരുന്നത്. ഇവിടങ്ങളിലെ പല ആശുപത്രികളും രോഗികളെ കൊണ്ടു നിറഞ്ഞു. മിക്ക സ്കൂളുകളിലും വിദ്യാർഥികളില്ലാത്തതിനാൽ അടച്ചിടേണ്ട അവസ്ഥയാണ്.
രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്. എന്നാൽ സാധാരണ ചുമ ഉൾപ്പെടെ പനി, മറ്റു ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് ഉണ്ടാകുന്ന ലക്ഷണങ്ങൾ കാണുന്നുമില്ല. 2019 ഡിസംബറിൽ കോവിഡിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയ പ്രോമെഡ് (പ്രോഗ്രാം ഫോർ മോണിറ്ററിങ് എമേർജിങ് ഡിസീസസ്) ഉൾപ്പെടെയുള്ള സംഘങ്ങൾ പുതിയ രോഗത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, കോവിഡ് നിയന്ത്രണങ്ങൾ മാറ്റിയതിന്റെ ഭാഗമായാണ് പുതിയ രോഗമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിയന്ത്രണങ്ങൾ മാറ്റിയശേഷമുള്ള ആദ്യ ശൈത്യകാലമാണ് ചൈനയലിൽ ഇപ്പോൾ. അതിന്റെ ഭാഗമായുള്ള രോഗാവസ്ഥയാണിതെന്നും സൂചനയുണ്ട്. കുട്ടികളെ ബാധിക്കുന്ന മൈക്കോപ്ലാസ്മ ന്യൂമോണിയെ എന്ന രോഗാണു മേയ് മുതൽ ചൈനയിൽ പടരുന്നുണ്ട്. ഇതല്ലാതെ മറ്റ് രോഗാണുക്കളെ കണ്ടെത്താനായിട്ടില്ലെന്നാണ് ചൈനീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.

error: Content is protected !!