ആരാണ് കുസാറ്റിൽ പാടാനെത്തിയ നികിത ഗാന്ധി?പാട്ടിലാക്കാൻ വന്നു, ഒടുവിൽ നെഞ്ച് പിടഞ്ഞ് മടങ്ങി പോയ നികിത ഗാന്ധി ആരെന്നെന്നറിയാമോ

കുസാറ്റിലെ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 3 വിദ്യാർഥികൾ ഉൾപ്പെടെ 4 പേർ മരിക്കാനിടയായ ദാരുണ സംഭവത്തിന്റെ ‍ഞെട്ടലിൽ നിന്നും മുക്തമായിട്ടില്ല നാട്.
മരണപ്പെട്ടവരിൽ ആരെയും പരിചയമില്ലെങ്കിൽപ്പോലും ഏറ്റവും പ്രിയപ്പെട്ടവർ വിടവാങ്ങിയതുപോലെ നികിതയുടെ ഹൃദയവും ഇപ്പോൾ തേങ്ങുകയാണ്. തന്റെ പാട്ട് കേൾക്കാന്‍ ആവേശത്തോടെ എത്തിയ ആരാധകരിൽ 4 പേർ ഇന്ന് ജീവനോടെയില്ലെന്ന തിരിച്ചറിവ് അവരെ വേദനിപ്പിക്കുന്നത് ചെറുതായൊന്നുമല്ല. കൊച്ചിയിലെ വേദിയെ പാട്ടിലാക്കി, ആരാധകരുടെ സ്നേഹവും ആദരവും ഏറ്റവാങ്ങി മടങ്ങാനിരുന്ന നികിത ഒടുവിൽ 4 പ്രാണനുകൾ നഷ്ടപ്പെട്ട വേദനയും നെഞ്ചേറ്റിയാണ് കൊച്ചിയിൽ നിന്നും യാത്രയാകുന്നത്.

‘‘കൊച്ചിയിലെ സംഭവത്തിൽ ഹൃദയം തകർന്നുപോയി. വേദിയിലെത്താനോ പരിപാടി തുടങ്ങാനോ കഴിയും മുൻപായിരുന്നു നിർഭാഗ്യകരമായ സംഭവം. ഈ കനത്ത ദുഃഖം വിവരിക്കാൻ വാക്കുകളില്ല. വിദ്യാർഥികളുടെ കുടുംബങ്ങൾക്കൊപ്പം പ്രാർഥനയിൽ ചേരുന്നു’’, ദുരന്തശേഷം നൊമ്പരത്തോടെ നികിത സമൂഹമാധ്യമങ്ങളിൽ കുറിച്ച ഈ വാക്കുകൾ ആരാധകരെയും കണ്ണീരണിയിക്കുകയാണ്.

രാജ്യത്ത് ദശലക്ഷക്കണക്കിന് ആരാധകരുള്ള ബോളിവുഡ് ഗായികയാണ് നികിത ഗാന്ധി. 1991 ഒക്ടോബർ 1ന് കൊൽക്കത്തയിൽ ജനനം. സ്കൂൾ പഠനത്തിനു ശേഷം ദന്തഡോക്ടറാകാൻ മോഹിച്ച് പഠനത്തിനായി ചെന്നൈയിലെത്തിയെങ്കിലും പാട്ടിലേക്കു ചുവടുമാറ്റി. പിന്നീട് പഠനം പാതിയിൽ നിർത്തി പാട്ടുപഠിക്കാൻ ആരംഭിച്ചു. എ.ആർ.റഹ്മാന്റെ കെ.എം.കോളജ് ഓഫ് മ്യൂസിക്കിൽ ചേർന്നതോടെ ജീവിതം പാടേ മാറി. 2015 ല്‍ ശങ്കറിന്റെ ‘ഐ’ എന്ന ചിത്രത്തില്‍ എ.ആര്‍.റഹ്‌മാന്റെ സംഗീതത്തില്‍ പാടിയ ‘ലാഡിയോ’ എന്ന ഗാനം കരിയറിൽ വഴിത്തിരിവായി. പിന്നീട് റഹ്‌മാന്റെ സംഗീതത്തില്‍ മണിരത്‌നം ചിത്രം ഓ കാതല്‍ കണ്‍മണിയിലും അനിരുദ്ധിന്റെ സംഗീതത്തില്‍ തങ്ക മകനിലും ഗാനങ്ങൾ ആലപിച്ചു. തങ്ക മകനിൽ ധനുഷ് ആയിരുന്നു നികിതയുടെ സഹഗായകൻ. നിരവധി സ്വതന്ത്രസംഗീത വിഡിയോകളും നികിത പുറത്തിറക്കിയിട്ടുണ്ട്. എ.ആർ.റഹ്മാന്റെ സംഗീതത്തിൽ മാത്രമായി നികിത ഇതിനകം 10 ഗാനങ്ങൾ ആലപിച്ചു.

തമിഴ്, പഞ്ചാബി, തെലുങ്ക്, കന്നഡ, അറബി, ഹിന്ദി, ബംഗാളി ഭാഷകളില്‍ പാട്ടുമായി നിറസാന്നിധ്യമാണ് നികിത. സംസം എന്ന ചിത്രത്തിലെ ‘കടലിന്‍ തീരത്തെ’ എന്ന പാട്ടിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചു. പിന്നണി ഗാനശാഖയിൽ ഏറെ സജീവമാണെങ്കിലും സ്റ്റേജ് ഷോകളിലൂടെയാണ് നികിത രാജ്യം മുഴുവൻ ആരാധകരെ നേടിയത്. ഗായികയുടെ വേദിയിലെ ‘എനർജി പാക്ഡ്’ പ്രകടനം കാണാൻ നാനാദിക്കുകളിൽ നിന്ന് ആരാധകർ ഒഴുകിയെത്തി. സ്വന്തമായി സംഗീതബാൻഡുമുണ്ട് നികിതയ്ക്ക്. അഞ്ചംഗങ്ങളടങ്ങുന്ന ബാൻഡ് പാട്ടുമായി ലോകവേദികള്‍ കീഴടക്കി മുന്നേറുന്നു.

ബംഗാളി– പഞ്ചാബി കുടുംബവേരുകളുള്ള നികിത ഏകദേശം 12 വർഷത്തോളം ഒഡീസി നൃത്തവും ഹിന്ദുസ്ഥാനി സംഗീതവും പഠിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ കൂട്ടായി സംഗീതമുണ്ടായിരുന്നെങ്കിലും താൻ ഒരിക്കലും ഒരു ഗായികയായിത്തീരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുൻപ് നികിത പറഞ്ഞിട്ടുണ്ട്. എ.ആർ.റഹ്മാനെ പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ മ്യൂസിക് അക്കാദമിയിൽ പഠിക്കാൻ അവസരം ലഭിച്ചതുമാണ് ജീവിതത്തിൽ വഴിത്തിരിവായതെന്നും ഗായിക ആവർത്തിക്കുന്നു. പഠനം ഉപേക്ഷിച്ച് പാട്ടുകാരിയായതിൽ യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല നികിത ഗാന്ധിക്ക്.

വിജയ് ചിത്രം ലിയോയ്ക്കു വേണ്ടി നികിത ആലപിച്ച ‘മൈ ലൈഫ് ഈസ് ഇൻ ദിസ് ടൗൺ’ എന്ന സോളോ ആരാധകലക്ഷങ്ങള്‍ ഏറ്റെടുത്തതാണ്. ടൈഗർ 3 എന്ന ചിത്രത്തിൽ അർജിത് സിങ്ങിനൊപ്പം ആലപിച്ച യുഗ്മഗാനമാണ് ഏറ്റവുമൊടുവിലായി റെക്കോർഡ് ചെയ്തത്. ദശകോടിയിലേറെ പ്രേക്ഷകരെ വാരിക്കൂട്ടിയ പാട്ട് ടോപ് മ്യൂസിക് വിഡിയോ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. സ്റ്റേജ് പരിപാടികളുമായി ലോകം മുഴുവന്‍ കറങ്ങുന്ന 32കാരിയായ നികിത പ്രതിവർഷം 40 കോടിയിലേറെയാണ് സമ്പാദിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

കുസാറ്റ് ദുരന്തഭൂമിയായതോടെ ചിലർ നികിത ഗാന്ധിക്കെതിരെയും വിമർശന ശരങ്ങൾ തൊടുത്തുവിടുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തുന്ന പരിപാടിയിൽ നികിത പങ്കെടുക്കാനെത്തരുതായിരുന്നെന്നാണ് ഉയരുന്ന വിമർശനങ്ങളിൽ ഏറെയും. ലോകത്ത് വിവിധയിടങ്ങളിലായി സംഗീത പരിപാടി അവതരിപ്പിച്ച് പരിചയമുള്ള പ്രഗത്ഭയായ ഗായികയ്ക്ക് തന്റെ ഷോയോടുള്ള ആളുകളുടെ പ്രതികരണം എത്തരത്തിലായിരിക്കുമെന്ന് ഏകദേശ ധാരണ ഉണ്ടാകില്ലേ എന്നും അതിനു വേണ്ട സുരക്ഷാക്രമീകരണങ്ങൾ ഓഡിറ്റോറിയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് സംഘാടകരോടു സംസാരിച്ച് ഉറപ്പുവരുത്തേണ്ടതായിരുന്നുവെന്നും ചിലര്‍ ആരോപിച്ചു. കുസാറ്റിലേക്കെത്തുന്നുവെന്നറിയിച്ച് നികിത കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ച പോസ്റ്ററിനു താഴെയാണ് ചിലർ വിമർശനസ്വരങ്ങളുമായി എത്തുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങളോടൊന്നും നികിത ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

error: Content is protected !!