Site icon CTV Online

കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊന്നു

പാലക്കാട്: കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊന്നു. പാലക്കാട് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിലാണ് സംഭവം നടന്നത്. പോത്തുണ്ടി സ്വദേശി സുധാകരനെയും (56) അമ്മ ലക്ഷ്മിയെയുമാണ് (75) അയൽവാസിയായ ചെന്താമര (58) വെട്ടിക്കൊലപ്പെടുത്തിയത്.

സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. 2019ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. നാല് വർഷത്തിന് ശേഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ചെന്താമരയ്ക്കായി തെരച്ചിൽ ഊർജിതമാക്കി.ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. ഭാര്യയെ തന്നിൽ നിന്ന് അകറ്റിയത് സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്.

ഈ കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് പ്രതി രണ്ട് മാസം മുൻപ് ജാമ്യത്തിലിറങ്ങിയത്. ഇയാൾ നാട്ടിലെത്തിയതിനെ തുടർന്ന് നാട്ടുകാർ ഭയാശങ്കയിലായിരുന്നു.ഇയാൾ വീണ്ടും ആരെയെങ്കിലും കൊല്ലുമെന്ന സംശയം നാട്ടുകാർക്ക് ഉണ്ടായിരുന്നു. വാർഡ് മെമ്പർ വഴി പൊലീസിൽ വിവരം അറിയിച്ചിരുന്നുവെന്നും എന്നാൽ വിഷയത്തിൽ പൊലീസ് കാര്യമായ നടപടിയെടുത്തില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ലക്ഷ്മിയുടെ മൃതദേഹം മാത്രമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സുധാകരന്റെ മൃതദേഹം വീട്ടിൽ തന്നെയാണ്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്.

Exit mobile version