
newsdesk
കോഴിക്കോട് ∙ പെരിന്തൽമണ്ണ ഏലംകുളത്ത് 2021 ജൂണിൽ ദൃശ്യ എന്ന ഇരുപത്തിയൊന്നുകാരിയെ വിവാഹ അഭ്യർഥന നിരസിച്ചതിനു കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മലപ്പുറം മഞ്ചേരി നറുക്കര കുണ്ടുപറമ്പ് പുതുവേലിയിൽ വിനീഷ് വിനോദ് (26) കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു ചാടിപ്പോയി. വിചാരണ തടവുകാരനായ പ്രതി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണു ചാടിപ്പോയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് ഇയാൾ ആശുപത്രിയിൽനിന്നു കടന്നുകളഞ്ഞതെന്നാണ് സൂചന.
മൂന്നാം വാർഡിൽനിന്നാണ് ഇയാൾ രക്ഷപ്പെട്ടത്. ശുചിമുറിയുടെ ചുമർ തുരന്ന് പുറത്തെത്തിയശേഷം ചുറ്റുമതിൽ ചാടി പുറത്തു പോവുകയായിരുന്നു. ആശുപത്രിയിൽ മണിക്കൂർ ഇടവിട്ട് രോഗികളെ നിരീക്ഷിക്കാറുണ്ട്. 11 മണിയോടെ ഇയാളെ സെല്ലിൽ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശുചിമുറിയുടെ ചുമർ തുരന്ന നിലയിൽ കണ്ടെത്തിയത്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കർ മാത്രമാണ് ധരിച്ചിരുന്നതെന്നാണ് സൂചന.
പ്രതിക്കായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും മറ്റും പൊലീസ് ഊർജിതമായി പരിശോധന തുടരുകയാണ്. ആശുപത്രിക്കു സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരുന്നു. ഇയാൾ ജില്ല വിട്ടുപോയിരിക്കാൻ ഇടയുണ്ടെന്നും വിലയിരുത്തലുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിലെ വിചാരണ തടവുകാരനായ ഇയാളെ മാനസികാസ്വാസ്ഥ്യത്തെ തുടർന്ന് കോടതിയുടെ നിർദേശപ്രകാരമാണ് ഡിസംബർ പത്തിനു വീണ്ടും കുതിരവട്ടം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വിവാഹ അഭ്യർഥന നിരസിച്ചതിനാണ് 2021 ജൂണിൽ എൽഎൽബി വിദ്യാർഥി ദൃശ്യയെ വിനീഷ് കൊലപ്പെടുത്തിയത്. കേസിൽ അറസ്റ്റിലായ വിനീഷ് കണ്ണൂർ സെൻട്രൽ ജയിലിൽ ആയിരുന്നു. ജയിലിൽ ആത്മഹത്യാശ്രമം നടത്തിയതിന് പിന്നാലെയാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാക്കിയത്. 2022ലും പ്രതി വിനീഷ് ഇതേ ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടിരുന്നു. അന്ന് കർണാടകയിലെ ധർമസ്ഥലയിൽ നാട്ടുകാർ പിടികൂടിയാണ് ഇയാളെ പൊലീസിൽ ഏൽപ്പിച്ചത്. കൊതുകുതിരി കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവവും വിനീഷിന്റെ പേരിലുണ്ട്.
ഏറെ പ്രമാദമായ കൊലക്കേസിലെ പ്രതിയായ വിനീഷ് രണ്ടാം തവണയും ആശുപത്രിയിൽനിന്ന് രക്ഷപ്പെട്ടത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. 2021 ൽ അറസ്റ്റ് ചെയ്ത് കൊണ്ടു വരുന്നതിനിടെ കോഴിക്കോട് പയ്യോളിയിൽ വച്ചും ഇയാൾ വാഹനത്തിൽനിന്ന് കടന്നുകളയാൻ ശ്രമിച്ചിരുന്നു. വിവാഹ അഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് ഏലംകുളം കൂഴന്തറ ചെമ്മാട്ടിൽ സി.കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യയെ വിനിഷ് കുത്തിക്കൊലപ്പെടുത്തിയത്. ഒറ്റപ്പാലം നെഹ്‌റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വർഷ എൽഎൽബി വിദ്യാർഥിയായിരുന്ന ദൃശ്യയെ പ്രതി കത്തി കൊണ്ട് കുത്തുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സഹോദരി ദേവശ്രീക്കും(13) കുത്തേറ്റിരുന്നു.
സംഭവദിവസം ദൃശ്യയുടെ പിതാവിന്റെ ഉടമസ്ഥതയിലുള്ള കളിപ്പാട്ട കടയും പ്രതി കത്തിച്ചിരുന്നു. കടയ്ക്ക് തീയിട്ട് ശ്രദ്ധതിരിച്ച ശേഷമാണ് വിനീഷ് പത്തു കിലോമീറ്റർ അകലെയുളള ദൃശ്യയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയത്. കൊലപാതകത്തിനുശേഷം സംഭവസ്ഥലത്തുനിന്ന് മറഞ്ഞ പ്രതി ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഓട്ടോയുടെ ഡ്രൈവർ ജൗഹർ നാട്ടുകാർ നൽകിയ വിവരങ്ങളുടെ സൂചനപ്രകാരം തന്ത്രപൂർവം ഇയാളെ സ്റ്റേഷനിൽ എത്തിച്ച് പൊലീസിനു കൈമാറുകയായിരുന്നു.
