
newsdesk
മുക്കം:മുക്കം നഗരസഭ ഭരണസമിതി യോഗത്തിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിലുണ്ടായ കയ്യാങ്കളിയിൽ 7 കൗൺസിലർമാർക്കെതിരെ പോലീസ് കേസെടുത്തു.
നഗരസഭ ചെയർമാൻ പി.ടി ബാബു ഉൾപ്പെടെ ഭരണപക്ഷത്തെ മൂന്നു പേർക്കെതിരേയും പ്രതിപക്ഷത്തെ നാല് കൗൺസിലർമാർക്കെതിരേയുമാണ് കേസെടുത്തത്.
ഭരണപക്ഷത്തെപിടി ബാബു, നൗഫൽ മല്ലശ്ശേരി, വി.കുഞ്ഞൻ എന്നിവർക്കും പ്രതിപക്ഷത്തെ
വേണു കല്ലുരുട്ടി, എം.കെയാസർ, അബു മുണ്ടുപാറ, ഗഫൂർ കല്ലുരുട്ടി എന്നിവർക്കുമെതിരെ
341,323 വകുപ്പുകൾ പ്രകാരമാണ് കേസെടത്തത്.
കഴിഞ്ഞ ശനിയാഴ്ചയാണ് നഗരസഭ ഭരണ സമിതി യോഗത്തിൽ കൗൺസിലർമാർ തമ്മിൽ ഏറ്റുമുട്ടിയത്.വിദേശത്ത് പോയ ഏഴാം വാർഡ് കൗൺസിലർ ഇടതു മുന്നണിയിലെ അനിതകുമാരിയുടെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയാണ് സംഭവം.
നഗരസഭ ചെയർമാൻ ഉൾപ്പെടെ ഭരണപക്ഷത്തെ ഒൻപതുംപ്രതിപക്ഷത്തെ ഏഴും കൗൺസിലർമാർക്ക് സംഭവത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു കൗൺസിലറുടെ ലെറ്റർ പാഡിൽ ഭരണപക്ഷം വ്യാജ ലീവ് ലെറ്റർ ഉണ്ടാക്കി യോഗത്തിൽ വെച്ചുവെന്നാണ് യു.ഡി.എഫ്, വെൽഫെയർ പാർട്ടി, ബി.ജെ.പി കൗൺസിലർമാർ ആരോപിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ഉയർത്തിയതോടെ നഗരസഭ ചെയർമാൻ യോഗം അവസാനിപ്പിച്ച് ഇറങ്ങി പോവുകയായിരുന്നുവെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു.
പ്രതിപക്ഷത്തെ യു.ഡി.എഫ്, വെൽഫെയർ പാർട്ടി, ബി.ജെ.പി കൗൺസിലർമാർ ഒന്നിച്ചെതിർത്തതോടെ 17 അംഗങ്ങൾ എതിരാവുകയും ഇതോടെ ചെയർമാൻ ധൃതിയിൽ ഇറങ്ങിപ്പോവാൻ ശ്രമിക്കുകയായിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ചട്ടപ്രകാരം യോഗം അവസാനിപ്പിച്ച് പുറത്തുപോകുന്ന ചെയർമാനെ യു.ഡി.എഫ്, വെൽഫെയർ പാർട്ടി, ബി.ജെ.പി കൗൺസിലർമാർ തടഞ്ഞുവെച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്.
നഗരസഭ ചെയർമാൻ പി.ടി ബാബു, വൈസ് ചെയർപേഴ്സൺ അഡ്വ.ചാന്ദ്നി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ അബ്ദുൽ മജീദ്, ഭരണപക്ഷ കൗൺസിലർമാരായ നൗഫൽ മല്ലശ്ശേരി, എം.വി രജനി, വസന്ത കുമാരി, കെ. ബിന്ദു, ജോഷില, പ്രതിപക്ഷ കൗൺസിലർമാരായ വേണു കല്ലുരുട്ടി, എം.കെ യാസർ, കൃഷ്‍ണൻ വടക്കയിൽ, ഗഫൂർ കല്ലുരുട്ടി, റംല ഗഫൂർ, ബിന്നി മനോജ്, റുബീന എന്നിവർക്കാണ് സംഘർഷത്തിൽ പരുക്കേറ്റത്.
