Site icon CTV Online

ദേ വീൽചെയറിൽ ഇരുന്ന് പ്രചരണം നടത്തി തരംഗമാവുകയാണ് മുക്കത്തെ ഈ സ്ഥാനാർഥി…

മുക്കം : മുക്കം നഗരസഭയിൽ വിവിധ മുന്നണികളിൽ നിന്നും 107 സ്ഥാനാർത്ഥികൾ മത്സരിക്കുമ്പോൾ തീർത്തും വ്യത്യസ്തയായ ഒരു സ്ഥാനാർഥി മത്സരരംഗത്തുണ്ട് ,തന്റെ ശാരീരിക പരിമിതികളെ മറികടന്ന് പ്രചരണ രംഗത്ത് തരംഗമാവുകയാണ് ബിജെപിയുടെ ഈ സ്ഥാനാർഥി ,ഭിന്നശേഷിക്കാരിയായ റീജ വീൽച്ചെയറിൽ ഇരുന്നാണ് പ്രചരണ രംഗത്ത് തന്റെ ശക്തമായ സാന്നിധ്യം തെളിയിക്കുന്നത് .എപ്പോഴും പോസിറ്റീവായുള്ള ഒരു പുഞ്ചിരി സമ്മാനിച്ച് കടന്നു പോവുന്ന ഈ സ്ഥാനാർത്ഥി നമ്മളെയും പോസിറ്റീവായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വ്യക്തിത്വത്തിന് ഉടമയാണ് എന്ന് പറയാതെ വയ്യ .

അധ്വാനിച്ച് കുടുംബം പോറ്റാനും മറ്റുള്ളവർക്ക് മാതൃകയാകാനുമൊക്കെ സാധിക്കുമെങ്കിൽ എന്തുകൊണ്ട് സ്ഥാനാർഥിയായിനിന്നുകൂടാ.മുക്കം നഗരസഭയിലെ കയ്യേരിക്കൽ ഡിവിഷനിലെ (27) എൻഡിഎ സ്ഥാനാർഥി റീജ തെക്കെപ്പൊയിൽ ഫെയ്സ്ബുക്കിൽ കുറിച്ച വാക്കുകളാണിത്.

പത്താം വയസ്സിൽ പോളിയോ രോഗം തളർത്തിയതാണ് റീജയുടെ ചലനശേഷിയും സ്വപ്നങ്ങളും. പക്ഷേ, വിധിക്കുമുന്നിൽ തളരാൻ തയ്യാറായില്ല. കന്നിയങ്കത്തിനിറങ്ങിയ റീജ വോട്ടുതേടുന്നത് ഇലക്ട്രിക് വീൽച്ചെയറിൽ ആണ് .

പത്താം വയസ്സിൽ ശരീരമാകെ തളർന്നതോടെ അഞ്ചാംക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. തുടർന്ന് ഏറെനാളത്തെ ചികിത്സക്കൊടുവിൽ കൈകളുടെ ചലനശേഷി തിരിച്ചുകിട്ടിയെങ്കിലും കാലുകൾ ഇപ്പോഴും നിശ്ചലമാണ്. അതിനിടെ അച്ഛനെ നഷ്ടമായി.

പക്ഷാഘാതം വന്നതോടെ അമ്മയ്ക്ക് ജോലിക്കുപോകാൻ പറ്റാത്ത അവസ്ഥയുമായി.മണാശ്ശേരിയിൽ തയ്യൽക്കട നടത്തിയാണ് റീജ കുടുംബം പുലർത്തുന്നത്. കൈകൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് വസ്ത്രങ്ങൾ തയ്ക്കുന്നത്.

സുഹൃത്തിന്റെ വാഹനത്തിൽ ഡ്രൈവിങ് പഠിച്ച് ദിവസങ്ങൾക്കകം ലൈസൻസെടുത്ത് നഗരസഭയിൽനിന്നും തനിക്കവകാശപ്പെട്ട മുച്ചക്രവാഹനം സ്വന്തമാക്കുകയും ചെയ്തു.

സ്വന്തം നിലയിൽ ഒരു തയ്യൽ കടയും അതിൽ നാല് ജീവനക്കാർക്ക് ജോലിയും നൽകാൻ തനിക്ക് സാധിക്കുന്നുടെങ്കിൽ ജനങളുടെ പ്രയാസങ്ങൾക്ക് ഏറ്റവും നല്ല നിലയിൽ പരിഹാരം കാണാൻ തനിക്ക് സാധിക്കുമെന്നും ,അല്ലെങ്കിലും തങ്ങളെ പോലുള്ളവർ താണ്ടിയ പ്രതിസന്ധികൾ ധാരാളം മതി മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും മനസിലാക്കി പ്രവർത്തിക്കാൻ എന്നും റീജ ഉറച്ചു വിശ്വസിക്കുന്നു

.വിജയിച്ചു കഴിഞ്ഞാൽ നാട്ടിൽ നടപ്പിലാക്കേണ്ട വികസനപദ്ധതികളെ കുറിച്ച് ഇവർക്ക് വ്യക്തമായ നിലപാടുണ്ട് ,കൂടാതെ കേന്ദ്രത്തിൽ മോദി സർക്കാർ നടപ്പിലാക്കുന്ന വികസന പരിപാടികളെ എല്ലാം ഒരു തടസവും കൂടാതെ നാട്ടിലും നടപ്പിലാക്കണം ആളുകളോട് ഈ വിഷയങ്ങളെല്ലാം വ്യക്തമായി പറഞ്ഞാണ് റീജയുടെ വോട്ടുപിടുത്തം . ഈ പോരാളിയുടെ വാക്കുകളിൽ തന്റെ വിജയം ഉറപ്പിക്കുന്ന ആത്മവിശാസം നമുക്ക് കാണാൻ സാധിക്കും .

Exit mobile version