Site icon CTV Online

നാടിന്റെ കാരുണ്യം വീണ്ടും; എസ്.എം.എ ബാധിതരായ കുഞ്ഞുങ്ങൾക്ക് താങ്ങായി വൈറ്റ് ഗ്രൂപ്പ്’വാട്സാപ്പ് കൂട്ടായ്മയുടെ മുസമ്പി ചലഞ്ച്

മുക്കം : സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിച്ച കല്ലുരുട്ടിയിലെ മൂന്ന് കുഞ്ഞുങ്ങളുടെ ചികിത്സാധനശേഖരണത്തിന് വേറിട്ട മാതൃക തീർക്കുകയാണ് ഒരു കൂട്ടം മനുഷ്യസ്നേഹികൾ. മുക്കവും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസികളും നാട്ടുകാരുമടങ്ങുന്ന ‘വൈറ്റ് ഗ്രൂപ്പ്’ എന്ന വാട്സാപ്പ് കൂട്ടായ്മയാണ് ജീവനുകൾ കാക്കാൻ മുസമ്പി ചലഞ്ചുമായി തെരുവിലിറങ്ങിയിരിക്കുന്നത്.

യാത്രക്കാർക്കും വാഹനങ്ങളിൽ പോകുന്നവർക്കും രണ്ട് കിലോ മുസമ്പി അടങ്ങിയ കവറുകൾ 100 രൂപ നിരക്കിൽ വിറ്റഴിച്ചാണ് കൂട്ടായ്മ തുക കണ്ടെത്തുന്നത്. വലിയ രീതിയിലുള്ള സഹകരണവും പിന്തുണയുമാണ് വഴിയാത്രക്കാരിൽ നിന്നും നാട്ടുകാരിൽ നിന്നും ഈ ദൗത്യത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കേവലമൊരു ധനശേഖരണത്തിനപ്പുറം, കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുമിച്ച് കൈകോർത്തു എന്നുള്ളതാണ് ഈ ചലഞ്ചിന്റെ ഏറ്റവും വലിയ പ്രത്യേകത. വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ പിഞ്ചുമക്കളും ഈ വലിയ ദൗത്യത്തിൽ പങ്കാളികളായി.


എൽ.കെ.ജിയിൽ പഠിക്കുന്ന ഇഷ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ സഹോദരി അൻസിന എന്നിവരാണ് മുസമ്പി പാക്കിംഗിനും വിതരണത്തിനും മുൻകൈ എടുത്ത് മുന്നിൽ നിന്നത്. കുട്ടികളുടെ ഈ പങ്കാളിത്തം വഴിയിൽ പോകുന്ന ഓരോരുത്തർക്കും വലിയൊരു പ്രചോദനമായി മാറി.
കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താനുള്ള ഈ പോരാട്ടത്തിൽ തങ്ങളാൽ കഴിയുന്ന സഹായം വേറിട്ട രീതിയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചലഞ്ച് സംഘടിപ്പിച്ചതെന്ന് വൈറ്റ് ഗ്രൂപ്പ് സംഘാടകർ പറഞ്ഞു.

നാടിന്റെ ഒത്തൊരുമയും സ്നേഹവും കോർത്തിണക്കിയുള്ള ഈ മുസമ്പി ചലഞ്ച്, വരും ദിവസങ്ങളിലും കല്ലുരുട്ടിയിലെ കുഞ്ഞുങ്ങൾക്ക് വലിയൊരു ആശ്വാസമായി മാറും എന്ന് ഉറപ്പാണ്

Exit mobile version