
newsdesk
മുക്കം: മുക്കം നഗരത്തിലും പരിസര പ്രദേശങ്ങളിലും രണ്ടര വർഷമായി നിലച്ചു കിടക്കുന്ന ശുദ്ധജല വിതരണം പുനരാരംഭിക്കാൻ നടപടിയായി. കോടികൾ മുടക്കി നവീകരിച്ച നഗരത്തിലെ റോഡ് വെട്ടിപ്പൊളിക്കാതെ പി.സി ജങ്ഷനിൽ പുതിയ സാങ്കേതിക വിദ്യയോടെ പുതിയ പൈപ്പുകൾ സ്ഥാപിച്ചാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾക്ക് നഗരത്തിൽ തുടക്കമായി.
2023 ഓഗസ്റ്റിൽ, കുടിവെളളം വിതരണം ചെയ്യുന്ന പൈപ്പ് പൊട്ടിയതോടെയാണ്
നഗരത്തിലെ ശുദ്ധജല വിതരണം നിലച്ചത്. ഇതോടെ നഗരത്തിലെ കച്ചവട സ്ഥാപനങ്ങൾ, ഹോട്ടലുകൾ, കൂൾബാറുകൾ എന്നിവയ്ക്ക് പുറമേ ഗാർഹിക ഉപഭോക്താക്കളും ജല അതോറിറ്റിയുടെ ശുദ്ധജലം കിട്ടാതെ ബുദ്ധിമുട്ടിലായിരുന്നു. പി.സി ജങ്ഷൻ മുതൽ ആലിൻ ചുവട് ഓർഫനേജ്, മാർക്കറ്റ് റോഡ്, പെരളിയിൽ, മൂലത്ത്, വണ്ടൂർ, പുതിയ ബസ് സ്‌റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ജല വിതരണമാണ് തടസ്സപ്പെട്ടിരുന്നത്. ജല അതോറിറ്റി റിവേഴ്സ‌് പമ്പിങ് നടത്തുകയും ബ്ലോക്ക് താത്ക്കാലികമായി മാറ്റുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.കാലപ്പഴക്കം ചെന്നതും വ്യാസം കുറവായതുമായ പൈപ്പുകൾ മാറ്റി സ്ഥാപിക്കുകയായിരുന്നു ഏക പരിഹാരം.
മുക്കം ടൗൺ നവീകരണത്തിന്റെ ഭാഗമായി നവീകരിച്ച റോഡ് കുത്തിപ്പൊളിക്കാൻ പൊതുമരാമത്ത് വകുപ്പ് അനുമതി നിഷേധിച്ചതോടെ അറ്റകുറ്റപ്പണി നടത്താനോ പൈപ്പ് മാറ്റി സ്ഥാപിക്കാനോ സാധിക്കാതെയായി. റിസ്റ്റൊറേഷൻ ചാർജായും സെക്യൂരിറ്റി ഡിപ്പോസിറ്റായും മൂന്ന് ലക്ഷത്തോളം രൂപയാണ് പി.ഡബ്ല്യു.ഡി ചോദിച്ചിരുന്നത്.
തുടർന്ന്, വ്യാപാരി വ്യവസായി ഏകോപന സമിതി നിരാഹാര സമരം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ നഗരസഭയിലെ ഇടത് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൊടുവള്ളിയിലെ ജല അതോറിറ്റി എൻജിനീയറുടെ ഓഫീസിന് മുന്നിൽ ധർണയും നടത്തിയിരുന്നു. എന്നിട്ടും അധികൃതർ കണ്ണ് തുറന്നില്ല.
ഇതോടെയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.
തുടർന്ന്, കുടിവെള്ള വിതരണം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടത്. എന്നാൽ, ഉത്തരവ് നടപ്പാക്കാത്തതിനെതിരെ വ്യാപാരികൾ ഹൈക്കോടതിയെ സമീപിക്കാനിരിക്കെയാണ് അധികൃതർ തുടർനടപടി സ്വീകരിച്ചത്. പ്രവൃത്തി പൂർത്തിയായാൽ ഉടനെ ഉപഭോക്താക്കൾക്ക് കുടിവെള്ളം ലഭിക്കും.
