Site icon CTV Online

മുക്കം തൃക്കുടമണ്ണ ശിവരാത്രി മഹോത്സവം ഇത്തവണ കളറാകും

മുക്കം: ഏഴ് ദിവസങ്ങളിലായി നടക്കുന്ന മുക്കം തൃക്കുടമണ്ണ ശിവരാത്രി മഹോത്സവത്തിന് ഒൻപതിന് തിങ്കൾ കൊടിയേറുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തന്ത്രി കിഴക്കുംപാട്ട് ഇല്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. ഉത്സവത്തിന്റെ ഭാഗമായി ആറു മുതൽ വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റിന്റെ സഹകരണത്തോടെ കാർണിവൽ സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു.

കൊടിയേറ്റ ദിവസം അഗസ്ത്യന്മുഴി തിരുവഞ്ചുഴി ദേവീക്ഷേത്രത്തിൽ നിന്നും ക്ഷേത്രത്തിലേക്ക് വർണ്ണാഭമായ ഘോഷയാത്ര നടക്കും. താലപ്പൊലി, ചെണ്ടമേളം, വാളക്കാട്ടം, ശബരിമല അയ്യപ്പൻ ഫ്ളോട്ട്, പറ തെയ്യം, ദേവ നൃത്തം, ഡിജിറ്റൽ തമ്പോല, ശിങ്കാരിമേളം എന്നിവ ഘോഷയാത്രക്ക് അകമ്പടിയേകും. മുക്കം ശിവരാത്രി ഫെസ്റ്റ് എന്നപേരിൽ നടക്കുന്ന കാർണിവൽ ഉദ്‌ഘാടനത്തിന്റെ ഭാഗമായി ചൊവ്വ വൈകുന്നേരം മുക്കം, മണാശ്ശേരി, ഓമശ്ശേരി,തിരുവമ്പാടി എന്നിവിടങ്ങളിൽ ഫ്‌ളാഷ്മൊബ് നടക്കും.

ആഘോഷത്തോടനുബന്ധിച്ച് ആത്മീയ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളുടെ പ്രഭാഷണവുമുണ്ടാകും. മുൻ എം എൽ എ കെ എൻ എ.ഖാദർ , മുൻ ഡി ജി പി അലക്‌സാണ്ടർ ജേക്കബ്ബ്, എ ഡി ജി പി എസ് ശ്രീജിത്ത് എന്നിവർ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും.വിവിധ കലാപരിപാടികളും ഈ ദിവസങ്ങളിൽ നടക്കും.15 ന് ഞായർ മഹാശിവരാത്രി നാളിൽ വൈകുന്നേരം വിവിധ ദേശങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് വരവാഘോഷം നടക്കും. നൃത്തനൃത്ത്യങ്ങൾ, അരങ്ങേറ്റം, ഫ്യൂഷൻ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, ഗാനമേള എന്നിവയും നടക്കും.കൊടിയേറ്റ ദിവസം സർപ്പബലിയും ഉണ്ടാകും. വാർത്ത സമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് രാജേശൻ വെള്ളാരംകുന്ന്, സെക്രട്ടറി യു കെ ശശിധരൻ, ഉത്സവ കമ്മിറ്റി ചെയർമാൻ ഇ സുകുമാരൻ, വൈസ് ചെയർമാൻ അനിൽകുമാർ ഗാർഡൻ, കൺവീനർ എൻ വിജയൻ, പ്രജിത പ്രദീപ് എന്നിവർ പങ്കെടുത്തു.

Exit mobile version