Site icon CTV Online

മുക്കം ഉപജില്ലാ കലോത്സവത്തിന് വർണ്ണാഭമായ തുടക്കം; ആവേശമായി വിളംബര ജാഥ

മുക്കം : നവംബർ 9, 10, 11 തീയതികളിലായി തിരുവമ്പാടിയിൽ നടക്കുന്ന മുക്കം ഉപജില്ലാ കലോത്സവത്തിന്റെ ആവേശം വാനോളമുയർത്തി വിപുലമായ വിളംബര ജാഥ സംഘടിപ്പിച്ചു.

വർണ്ണശബളമായ മുത്തുക്കുടകൾ, സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ, വിവിധ കലാ-സാംസ്കാരിക രൂപങ്ങൾ എന്നിവ അണിനിരന്ന റാലി നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ദൃശ്യവിരുന്നായി.

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂളിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ ടൗൺ ചുറ്റി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ സമാപിച്ചു.

നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും സാംസ്കാരിക നായകരും നാട്ടുകാരും റാലിയിൽ ആവേശത്തോടെ അണിനിരന്നു.

തിരുവമ്പാടി എം.എൽ.എ സി കെ കാസിം , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ,തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് എ ഇ ഒ ദീപ്തി എന്നിവർ വിളംബര ജാഥയ്ക്ക് നേതൃത്വം നൽകി. കൂടാതെ വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, ഇൻഫന്റ് ജീസസ് സ്കൂൾ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് മൂന്ന് ദിവസങ്ങളിലായി കലോത്സവം അരങ്ങേറുന്നത്. ഉപജില്ലയിലെ ആയിരക്കണക്കിന് പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവത്തെ വരവേൽക്കാൻ തിരുവമ്പാടി പൂർണ്ണമായും ഒരുങ്ങിക്കഴിഞ്ഞതായി എം എൽ എ സി കെ കാസിം പറഞ്ഞു

Exit mobile version