Site icon CTV Online

മലയോര മേഖലയായ മുക്കംവീണ്ടും നന്മയുടെ വലിയൊരു മാതൃകയാവുകയാണ് തമിഴ്നാട് സ്വദേശി മുത്തുരാജിന്റെ കഥയിലൂടെ

മുക്കം : നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും മാതൃകാപരമായ ഇടപെടലുകൾ കൊണ്ടും ശ്രദ്ധേയമായ നമ്മുടെ മലയോര മേഖലയായ മുക്കം വീണ്ടും നന്മയുടെ വലിയൊരു മാതൃകയാവുകയാണ്. മൂന്ന് പതിറ്റാണ്ടുകളുടെ വിരഹം… ഒടുവിൽ വിധി തളർത്തിയ രോഗക്കിടക്കയിൽ നിന്ന് ആ മനുഷ്യൻ സ്വന്തം കുടുംബത്തിന്റെ സ്നേഹനിഴലിലേക്ക് തിരികെ മടങ്ങുന്നു. വഴിയിലുപേക്ഷിച്ച് പോകാൻ മനസ്സുകാണിക്കാത്ത ഒരുപറ്റം നാട്ടുകാരും, കനിവിന്റെ കരങ്ങളായ ചാരിറ്റി പ്രവർത്തകരും, ഒപ്പം കാക്കിനുള്ളിലെ കനിവുമായി മുക്കം പോലീസും കൈകോർത്തപ്പോൾ തെളിഞ്ഞത് അതിരുകളില്ലാത്ത സ്നേഹത്തിന്റെ പുതിയൊരു അധ്യായമാണ്. 30 വർഷം മുൻപ് വീടുവിട്ടിറങ്ങി, ഒടുവിൽ കാൻസർ ബാധിതനായി വഴിയിലായ തമിഴ്നാട് സ്വദേശി മുത്തുരാജിന് ഇനി സ്വന്തം ബന്ധുക്കളുടെ കരുതൽ. മുക്കത്ത് നിന്നും സന്തോഷത്തിന്റെയും കണ്ണിരിന്റെയും വൈകാരികമായ ഒരു വാർത്ത.

വർഷങ്ങൾക്ക് മുൻപ് ജീവനോപാധി തേടിയാണ് തമിഴ്‌നാട് പുതുക്കോട്ട ജില്ലയിലെ കറുമ്പക്കുടി പല്ലവ രാജപേട്ട സ്വദേശിയായ മുത്തുരാജ് കേരളത്തിലെത്തുന്നത്. മലയോര മേഖലയിലെ വിവിധ ഭാഗങ്ങളിൽ സെന്ററിങ് തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്ന ഇയാളെ, ഒരു വർഷം മുൻപാണ് അവശനിലയിൽ വഴിയരികിൽ കണ്ടെത്തുന്നത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് നാവിനെ ബാധിച്ച കാൻസറാണെന്ന് തിരിച്ചറിയുന്നത്.


കുടുംബമോ തണലോ ഇല്ലാതെ ഒറ്റപ്പെട്ടുപോയ മുത്തുരാജിന് താങ്ങായി മാറിയത് പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തകരും നാട്ടുകാരുമായിരുന്നു. കാരശ്ശേരി ആശ്വാസ് പാലിയേറ്റീവിന്റെയും കുമാരനല്ലൂർ ശിഹാബ് തങ്ങൾ റിലീഫ് സെന്ററിന്റെയും ചെയർമാനുമായ യൂനസ് പുത്തലത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് ഇത്രയും നാൾ മുത്തുരാജിന്റെ ചികിത്സയും സംരക്ഷണവും ഏറ്റെടുത്തു.


എന്നാൽ, രോഗം മൂർച്ഛിച്ച് അവശനിലയിലായതോടെ, തനിക്ക് അവസാനമായി കുടുംബത്തെ കാണണമെന്ന ആഗ്രഹം മുത്തുരാജ് പങ്കുവെച്ചു. സ്വന്തം നാടോ മേൽവിലാസമോ വ്യക്തമായി പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഇയാൾ.
തുടർന്നാണ് വിഷയം മുക്കം പോലീസിന്റെ മുന്നിലെത്തുന്നത്. വാർത്തയറിഞ്ഞ മുക്കം സി.ഐ മുഹമ്മദ് റഫീഖ് വിഷയം ഗൗരവമായി എടുക്കുകയും, ബന്ധുക്കളെ കണ്ടെത്താൻ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഷഫീഖ് നീലിയാനിക്കലിനെ ചുമതലപ്പെടുത്തുകയുമായിരുന്നു.


ഒരാഴ്ചയോളം വിശ്രമമില്ലാതെ തമിഴ്നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളുമായും വിവിധ സർക്കാർ വകുപ്പുകളുമായും ഷഫീഖ് നടത്തിയ നിരന്തരമായ പരിശ്രമത്തിനൊടുവിൽ അത്ഭുതകരമായി മുത്തുരാജിന്റെ മേൽവിലാസം കണ്ടെത്തി. 30 വർഷമായി കാണാമറയത്തായിരുന്ന മുത്തുരാജ് ജീവനോടെയുണ്ടെന്ന വിവരമറിഞ്ഞ് സഹോദരിയും മകനും ഓടിയെത്തി.


ഭാര്യയും ഒരു മകളുമുള്ള മുത്തുരാജിനെ സ്വീകരിക്കാൻ ഇന്ന് സഹോദരിയും മകനുമാണ് മുക്കത്തെത്തിയത്. കണ്ണീരോടെ, നന്ദിയോടെ അവർ തങ്ങളുടെ പ്രിയപ്പെട്ടവനെ തമിഴ്നാട്ടിലെ സ്വന്തം വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുപോയി. ഒരു മനുഷ്യന്റെ ആഗ്രഹത്തിന് മുന്നിൽ അതിരുകളില്ലാത്ത കാരുണ്യവുമായി കൈകോർത്ത മുക്കം പോലീസിനും പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തകർക്കും ബിഗ് സല്യൂട്ട് നൽകുകയാണ് നാട്.

Exit mobile version