Site icon CTV Online

എൻ ഐ ടി കോഴിക്കോട് ‘EKASVA 2026’: മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു; സ്ക്രീൻ ഫ്രീ വിപ്ലവവുമായി ‘ലക്‌സ്ഡ്‌പ്ലേ’ സ്റ്റാൾ ശ്രദ്ധേയമാകുന്നു

മുക്കം : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കോഴിക്കോടിന്റെ (NITC) സ്ഥാപക ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്നൊവേഷൻ, എന്റർപ്രണർഷിപ്പ് ആൻഡ് ഇൻകുബേഷൻ (CIEI) സംഘടിപ്പിച്ച ഫ്‌ളാഗ്ഷിപ്പ് പരിപാടിയായ EKASVA 2026 – രണ്ടാമത് ഇന്നൊവേഷൻ മീറ്റും പേറ്റന്റ് എക്‌സ്‌പോയും നടന്നു. മുഖ്യമന്ത്രി വി. ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്തു. നൂതന സംരംഭങ്ങളുമായി മുന്നോട്ടുവരുന്ന യുവാക്കൾക്ക് സാങ്കേതിക-മാനേജ്‌മെന്റ് മേഖലകളിൽ ആവശ്യമായ മെന്റർ പിന്തുണ ഉറപ്പാക്കുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

നവീന ആശയങ്ങൾ, ബൗദ്ധിക സ്വത്തവകാശം (IPR), സാങ്കേതിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കണ്ടുപിടുത്തക്കാർ, സംരംഭകർ, നിക്ഷേപകർ, വ്യവസായ വിദഗ്ധർ എന്നിവരെ ഒരുമിപ്പിക്കുന്നതിനുമാണ് EKASVA 2026 സംഘടിപ്പിച്ചത്. AI/ML, റോബോട്ടിക്‌സ്, ഗ്രാമീണ സാങ്കേതികവിദ്യ, സുസ്ഥിര സാങ്കേതികവിദ്യ തുടങ്ങിയ നവീന മേഖലകളിലെ പ്രോട്ടോടൈപ്പ് പ്രദർശനങ്ങൾ, സീഡ് ഫണ്ടിംഗ്, സ്റ്റാർട്ടപ്പ്-ഇൻവെസ്റ്റർ പിച്ച് സെഷനുകൾ എന്നിവ എക്‌സ്‌പോയുടെ പ്രധാന ആകർഷണങ്ങളായിരുന്നു.


ഇന്ന് നടന്നഎക്‌സ്‌പോയിലെ ഹാളിൽ കാണികളുടെയും വിശിഷ്ടാതിഥികളുടെയും വലിയ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു കുട്ടികളുടെ സ്ക്രീൻ ടൈം കുറയ്ക്കുന്നതിനായി വികസിപ്പിച്ച ‘Screen-Free Development Product’ സ്റ്റാൾ. NITC-യിൽ നിന്നുള്ള എൻജിനീയറിങ് ബിരുദധാരിയായ മുഹമ്മദ് അൻജൂം സി (Founder), മുഹ്‌സിൻ ഷെയ്ഖ്, അശ്വന്ത് എന്നിവർക്കൊപ്പം ലയ യു.കെ (CAT Trivandrum), മിസ്ബ (NIFT Kangra), ബുഷൈർ (NID Assam) എന്നിവരടങ്ങുന്ന വിവിധ നവീകരണ മേഖലകളിലെ യുവ പ്രതിഭകളാണ് ഈ നേട്ടത്തിന് പിന്നിൽ.

ഈ ആശയത്തെ അടിസ്ഥാനമാക്കി Luxedplay Private Limited എന്ന കമ്പനി രൂപീകരിച്ച് മുന്നേറുന്ന ഈ സംഘത്തിന് പിന്നിൽ വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭരായ Dr. നാസർ കുന്നുമ്മൽ (General Education Higher Secondary), Dr. U.K അബ്ദുന്നസാർ (Principal, DIET Kozhikode) എന്നിവരുടെ കഴിഞ്ഞ രണ്ടു വർഷത്തെ നിരന്തരമായ മാർഗ്ഗനിർദ്ദേശവുമുണ്ട്.

ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നൊവേഷൻ കൗൺസിൽ (IIC), IPR സെൽ, ടെക്‌നോളജി ബിസിനസ് ഇൻകുബേറ്റർ (TBI), ഡിസൈൻ ഇന്നൊവേഷൻ സെന്റർ (DIC) എന്നിവ അടങ്ങുന്ന NITC-യിലെ CIEI ആണ് ഇത്തരം തുടക്കങ്ങൾക്ക് ഇൻകുബേഷൻ പിന്തുണ നൽകുന്നത്. ഇതുവരെ 137 സ്റ്റാർട്ടപ്പുകൾ ഇൻകുബേറ്റ് ചെയ്യാനും, 70 വിദ്യാർത്ഥി സംരംഭകരെ പിന്തുണയ്ക്കാനും, 1,500-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും 22.32 കോടി രൂപയുടെ ധനസഹായം നൽകാനും CIEI-ക്ക് കഴിഞ്ഞിട്ടുണ്ട്.മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കൂടി സ്റ്റാർട്ടപ്പ് സെല്ലുകളും മെന്ററിംഗ് ശൃംഖലയും വിപുലീകരിക്കാൻ ലക്ഷ്യമിടുന്ന CIEI-യുടെ മികച്ച ഉദാഹരണമായി Luxedplay മാറുകയാണ്.

Exit mobile version