
newsdesk
മുക്കം : നഗരസഭക്ക് പുതിയ കെട്ടിടം, സ്കൂൾ മുറികളിൽ എയർ കണ്ടീഷൻ, സൗജന്യ ഇൻ്റർനെറ്റ് വ്യത്യസ്ത പദ്ധതികളുമായിമുക്കത്ത് 76 കോടിയുടെ നഗരസഭ വാർഷിക ബജറ്റിന് നഗരസഭ ഭരണ സമിതി യോഗത്തിൽ അംഗീകാരം
2026-27 വര്‍ഷത്തിൽ മുക്കം നഗരസഭക്ക് 76 കോടി രൂപയുടെ വരവും 73.5 കോടി രൂപ ചെലവും 2.5 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ്. നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ.കെ.പി ചാന്ദ്നിയുടെ അധ്യക്ഷതയില്‍ നടന്ന ബജറ്റ് സമ്മേളനത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ സി.എ പ്രദീപ് കുമാറാണ് ബജറ്റ് അവതരിപ്പിച്ചത്.
നഗരസഭാ കെട്ടിടത്തിന് ഒരു കോടി രൂപയും ഭവന നിര്‍മാണത്തിന് ഒരു കോടി രൂപയും വിവിധ റോഡുകള്‍ക്കായി 4.5 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
നഗരസഭയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലെയും എല്‍.പി വിഭാഗം ക്ലാസ് മുറികള്‍ എയര്‍കണ്ടീഷന്‍ ചെയ്യാനുള്ള പദ്ധതിക്ക് തുടക്കമിടുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ഈ വര്‍ഷം ഒന്നാം ക്ലാസ്സ് ശീതീകരിക്കും. ഇതുമൂലമുണ്ടാകുന്ന വൈദ്യുതി ചെലവ് ലഘൂകരിക്കുന്നതിന് സ്കൂളുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും.
ടൂറിസം വികസനത്തിന്‍റെ ഭാഗമായി ഇരുവഞ്ഞിപ്പുഴയിലൂടെ ബോട്ട് സര്‍വീസ് ഏര്‍പ്പെടുത്തുന്നതിന് ബോട്ട് ജെട്ടികള്‍ നിര്‍മിക്കാന്‍ 5 ലക്ഷം രൂപ വകയിരുത്തി.
വായനശാലകള്‍ക്കും അംഗനവാടികള്‍ക്കും സൗജന്യ ഇന്‍റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും തുക വകയിരുത്തി. എല്ലാ അംഗനവാടികളും സ്മാര്‍ട്ടാക്കുന്ന ബ്ലൂംബിറ്റ പദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്.
നഗരരാവുകളെ പകലാക്കുന്ന സൂര്യനഗര്‍ പദ്ധതിക്കായി 50 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. നിലവിലുള്ള തെരുവുവിളക്കുകള്‍ സംരക്ഷിക്കുന്നതിനും പുതിയ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനും സൗരവിളക്കുകള്‍ സ്ഥാപിക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കൂട്ടിരിക്കാന്‍ പാട്ടുപെട്ടി എന്ന പദ്ധതിയിലൂടെ റേഡിയോ സൗജന്യമായി നല്‍കും. വനിതകള്‍ക്കായി ഹോം നേഴ്സിംഗ്, ഹോം ടെക്നീഷ്യന്‍ പരിശീലനങ്ങള്‍, ഷീ ഓട്ടോ, ഷീ ലോഡ്ജ് തുടങ്ങി ഒട്ടനവധി പദ്ധതികള്ളും നടപ്പിലാക്കും. കാര്‍ഷിക മേഖലയില്‍ 50 ലക്ഷം രൂപയും മൃഗസംരക്ഷണമേഖലയില്‍ 46 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.വിദ്യാഭ്യാസ മേഖലയില്‍ നിലവിലുള്ള പദ്ധതികളായ വിജയോത്സവം, ആര്‍ച്ച, നീന്തിവാ മക്കളേ, മെറിട്ടോറിയല്‍ സ്കോളര്‍ഷിപ്പ് തുടങ്ങിയവ തുടരും.
