
newsdesk
മുക്കം: കാരുണ്യത്തിന്റെ കരുതലും സ്നേഹവും കൈകോർത്തപ്പോൾ മുക്കം നഗരസഭയുടെ ചരിത്രത്തിൽ മറ്റൊരു മാതൃകാപരമായ ഏടുകൂടി. എസ്.എം.എ (സ്പൈനൽ മസ്കുലർ അട്രോഫി) രോഗബാധിതരായ കുരുന്നുകളുടെ ജീവൻ രക്ഷാ ചികിത്സാ ചിലവിലേക്ക് സഹായമേകാൻ നഗരസഭയിലെ മുഴുവൻ കൗൺസിലർമാരുടെയും മുൻകൈയിൽ സംഘടിപ്പിച്ച ‘കൂടെയുണ്ട്’ ചാരിറ്റി ഫുഡ് ഫെസ്റ്റ് നാടിന്റെ ഒത്തൊരുമയിൽ വൻ വിജയമായി മാറി.
മുക്കം മിനി പാർക്ക് പരിസരത്ത് ഇന്നലെ വൈകീട്ട് 4 മണിക്ക് ആരംഭിച്ച ചടങ്ങിൽ ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. പണ്ട് തൊട്ടേ വിവിധ ജനക്ഷേമ-കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്ന മുക്കം നഗരസഭ കൗൺസിലർമാർ, ഈ സത്കർമ്മത്തിലും തങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് മാതൃകയായി.
ഫുഡ് ഫെസ്റ്റിന്റെ പൊലിമയേറ്റി പ്രാദേശിക കലാകാരന്മാരുടെ നേതൃത്വത്തിൽ അരങ്ങേറിയ സംഗീത സന്ധ്യയും ഗാനമേളയും പരിപാടിക്ക് ആവേശം പകർന്നു.
നന്മ നിറഞ്ഞ മനസ്സുകളുമായി എത്തിയവരുടെ കണ്ണിനും കാതിനും വിരുന്നായ ഈ ഗാനമേള മേളയുടെ അന്തരീക്ഷത്തെ കൂടുതൽ ഊർ്ജ്വസ്വലമാക്കി.
നാടൻ രുചികളുടെ വൈവിധ്യമായിരുന്നു മേളയുടെ മറ്റൊരു പ്രത്യേകത. ചിക്കൻ ബിരിയാണി, കപ്പ ബിരിയാണി, ചിക്കൻ വരട്ടിയത് തുടങ്ങി ഒട്ടനവധി സ്വാദിഷ്ടമായ വിഭവങ്ങൾ ഫെസ്റ്റിൽ ഒരുക്കിയിരുന്നു. ഇതിനുപുറമേ, വഴിപോക്കരായ യാത്രക്കാർക്കും നഗരത്തിലൂടെ കടന്നുപോയവർക്കും എളുപ്പത്തിൽ വാങ്ങി ഉപയോഗിക്കുന്നതിനായി പ്രത്യേക ഫുഡ് കിറ്റുകളായും പാക്കറ്റുകളായും ഭക്ഷണങ്ങൾ തയ്യാറാക്കി നൽകിയിരുന്നു.
റോഡരികിലൂടെ യാത്ര ചെയ്യുന്നവരും വ്യാപാരികളും ഉൾപ്പെടെ നിരവധിപേരാണ് ഈ കിറ്റുകൾ വാങ്ങി ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകിയത്.
നാടിന്റെ നാനാഭാഗത്തുനിന്നും ഒഴുകിയെത്തിയ ജനങ്ങളുടെയും കൗൺസിലർമാരുടെയും കൂട്ടായ്മയിലൂടെ സമാഹരിച്ച തുക മുഴുവൻ രോഗബാധിതരായ കുരുന്നുകളുടെ ചികിത്സാ സഹായത്തിനായി കൈമാറുമെന്ന് സംഘാടകർ അറിയിച്ചു. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പുതിയൊരു മാതൃക തീർത്താണ് മുക്കത്ത് ഈ ഫുഡ് ഫെസ്റ്റ് സമാപിച്ചത്.
