Site icon CTV Online

പോലിസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പ്രതി ഒടുവിൽ പിടിയിൽ; പിടിയിലായത് കൽബുർഗിയിൽ വെച്ച്

BY:C. FASAL BABU

മുക്കം: മുക്കത്ത് 2.8 കിലോ ഗ്രാം എംഡിഎംഎ യുമായി പിടികൂടിയയാൾ പോലീസ് കസ്റ്റഡിയിൽ നിന്ന് ട്രെയിനിൽ വെച്ച് രക്ഷപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെ പത്ത് ദിവസത്തിന് ശേഷം പ്രതി പോലീസ് വലയിലായി.
മുക്കം പൂളപ്പൊയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയാണ് (36) ആന്ധ്രപ്രദേശ് – കർണാടക അതിർത്തിയിൽ കൽബുർഗിയിൽ വെച്ച് ട്രെയിനിൽ വെച്ച് പിടിയിലായത്. പ്രതിയെ പോലീസ് സംഘം സാഹസികമായി പിടികൂടുകയായിരുന്നു എന്നാണ് വിവരം. തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോവുന്നതിനിടെ
പ്രതി പോലീസിനെ വെട്ടിച്ച് ട്രെയിനിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.
ഇക്കഴിഞ്ഞ മെയ് 22ന് വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം.
തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്. പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പെടെ നൂറോളം ഫോൺ കോളുകൾ അന്വേഷണ സംഘം ട്രെയ്സ് ചെയ്തിരുന്നു. ഗുജറാത്തിലെ വഡോധരയിൽ നിന്ന് രക്ഷപ്പെട്ട പ്രതി ആദ്യം അഹമ്മദാബാദിലേക്കാണ് പോയത്. ലോറി മാർഗമായിരുന്നു ഇവിടെ എത്തിയത്.ഇവിടെ നിന്ന് ഹൈദരാബാദിലേക്ക് കടക്കാൻ ശ്രമിച്ചങ്കിലും പിന്നീട് ഉപേക്ഷിച്ചു. ഹൈദരാബാദിലേക്ക് പോവുന്നതിനായി നാട്ടിലെ സുഹൃത്ത് വഴി ട്രാവൽ ഏജൻസിക്ക് പണവും നൽകിയിരുന്നു. യാത്ര ഉപേക്ഷിച്ചതാേടെ പണം തിരികെ ചോദിച്ചങ്കിലും ലഭിച്ചില്ല.
തുടർന്ന് വിജയവാഡ, സഹീറബാദ് എന്നിവിടങ്ങളിലുമെത്തി.സഹീറ ബാദിൽ 2 ദിവസം ലോഡ്ജിൽ താമസിക്കുകയും ചെയ്തതായും പോലീസ് പറഞ്ഞു.പ്രതിക്കായി ഗുജറാത്ത്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തെലുങ്കാന, കർണ്ണാടക എന്നിവിടങ്ങളിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. പോത്ത് കച്ചവടത്തിലെ ബന്ധം ഉപയോഗിച്ച് നാട്ടിലേക്ക് ബന്ധപ്പെട്ട പ്രതി സുഹൃത്തിൽ നിന്ന് ഗൂഗിൾ പേ വഴി പണം സംഘടിപ്പിച്ച് 3 ഫോണുകളും 3 സിം കാർഡുകളും വാങ്ങുകയും ഇവ ഓരോന്നും രണ്ടോ മൂന്നോ ദിവസം ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയും ചെയ്യുകയും ചെയ്തതും പോലീസിന് വെല്ലുവിളിയായിരുന്നു.ഇതിനെയെല്ലാം മറികടന്നാണ് ബാംഗ്ലൂരിൽ നിന്ന് ഡൽഹിയിലേക്ക് ട്രെയിനിൽ രക്ഷപ്പെടുന്നതിനിടെ കൽബുർഗിയിൽ വെച്ച് പിടിയിലാവുന്നത്. കൽബുർഗിക്ക് സമീപം ഹൈദരാബാദിൽ വെച്ച് വൈദ്യ പരിശോധന പൂർത്തിയാക്കിയ പ്രതിയുമായി അന്വേഷണ സംഘം ബസിൽ കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയോടെ നാട്ടിലെത്തുമെന്നാണ് കരുതുന്നത്.നാട്ടിലെത്തിയ ശേഷം പ്രതിയെ വടകര എൻ ഡി പി എസ് കോടതിയിൽ ഹാജരാക്കും. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ പ്രതിക്കെതിരെ വഡോദര പോലീസ് സ്റ്റേഷനിലും ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് മുഹമ്മദ് ഹനീഫയും ബേപ്പൂർ സ്വദേശി റെയ്ഹാനത്തും രണ്ടിടങ്ങളിൽ നിന്നായി 2.8 കിലോഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡൽഹിയിൽ നിന്നാണ് ഇരുവരും വൻതോതിൽ എം.ഡി.എം.എ എത്തിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ പശ്ചാത്തലത്തിലാണ് തെളിവെടുപ്പിനായി സംഘം പ്രതിയെ ഡൽഹിയിലേക്ക് കൊണ്ടു പോയിരുന്നത്.
മുക്കം ഇൻസ്പെക്ടർ ഉൾപ്പെടെ ആറു പേരടങ്ങിയ പോലീസ് സംഘമാണ് രാജധാനി എക്സ്പ്രസ്സിൽ പ്രതിയുമായി കോഴിക്കോട്ട് നിന്ന് ഡൽഹിയിലേക്ക്
യാത്ര തിരിച്ചത്. പ്രതിയെ കൈവിലങ്ങ് അണിയിച്ചാണ് കൊണ്ടു പോയിരുന്നത്. രാത്രി പതിനൊന്നരയോടെ പ്രതി ബാത്ത് റൂമിൽ പോകാനുണ്ടെന്ന് കൂടെയുണ്ടായിരുന്ന പോലീസുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന്, രണ്ടു പോലീസുകാർ പ്രതിയെ കമ്പാർട്ട്മെൻ്റിലെ ശൗചാലയത്തിനടുത്തേക്ക് കൊണ്ടു പോയി. ഈ സമയം പോലീസുകാരെ തട്ടിയിട്ട് പ്രതി തൊട്ടടുത്ത കംപാർട്ട്മെൻ്റിലേക്ക് ഓടി. പോലീസുകാർ പ്രതിയെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. നിമിഷങ്ങൾക്കകം, ട്രെയിൻ വഡോദര റെയിൽവേ സ്റ്റേഷനിലെത്തുകയും ചെയ്തു. ഈ സമയം പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയുമായിരുന്നു.
കാലി വ്യാപാരത്തിൻ്റെ പേരിൽ വീട്ടിൽ നിന്നിറങ്ങുന്ന മുഹമ്മദ് ഹനീഫ റെയ്ഹാനത്തിനൊപ്പം വിമാന മാർഗ്ഗം ഡൽഹിയിലെത്തിയാണ് എം.ഡി.എം.എ വാങ്ങിയിരുന്നത്. കിലോക്കണക്കിനുള്ള എം.ഡി.എം.എ റെയ്ഹാനത്തിൻ്റെ കൈവശം നൽകി ട്രെയിനിൽ കേരളത്തിലേക്ക് കയറ്റി വിടും.
ട്രെയിൻ കോഴിക്കോടെത്തുമ്പോഴേക്കും
വിമാന മാർഗ്ഗം കേരളത്തിലെത്തുന്ന ഹനീഫ, റെയ്ഹാനത്തിനെ റെയിൽവേ സ്റ്റേഷനിലെത്തി കൂട്ടിക്കൊണ്ട് പോകുകയാണ് പതിവ്. കഴിഞ്ഞ മാർച്ചിൽ മാത്രം ഇയാൾ മൂന്ന് തവണ ഡൽഹി യാത്ര നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ആറു മാസത്തോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് വടകര റൂറൽ എസ്.പി.ടി.ഫറാഷ് ഐ പിഎസിൻ്റെ
കീഴിലുള്ള ഡാൻസാഫ് സംഘവും മുക്കം പോലീസും ചേർന്ന് എം.ഡി.എം.എയുമായി മുഹമ്മദ് ഹനീഫയെ പിടികൂടിയത്

Exit mobile version