
newsdesk
കൊടിയത്തൂർ:കോവിഡ് കാലത്ത് നിലച്ചുപോയ കൊടിയത്തൂർ വഴിയുള്ള കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചു. ഇന്ന് കാലത്ത് 4 45 കൊടിയത്തൂർ വഴി കോഴിക്കോട്ടേക്ക് യാത്രയായ ബസ് 7 20ന് തിരിച്ചെത്തിയപ്പോൾ നാട്ടുകാർ ഊഷ്മള സ്വീകരണം നൽകി.
ആരവങ്ങൾ മുഴക്കിയും മധുരം നൽകിയും പായസം വിതരണംചെയ്തും നാട്ടുകാർ ആഹ്ളാദത്തിൽ പങ്കുചേർന്നു.പ്രിയദർശിനിയെ സ്വീകരിക്കാൻ ഒട്ടേറെ സ്ത്രീകളും സ്ഥലത്തെത്തിയിരുന്നു.
പുലർച്ചെ റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള യാത്രക്കാർക്ക് ഈ ബസ് ഏറെ ഉപകാരപ്പെടും.
കെഎസ്ആർടിസി ബസ്സിനായി നാട്ടുകാർ ആറു വർഷത്തോളം മുട്ടാത്ത വാതിലുകൾ ഇല്ല. വ്യാപാരികൾ ഉൾപ്പെടെ നാട്ടിലെ രാഷ്ട്രീയ സാംസ്കാരിക സംഘടനകൾ നിവേദനങ്ങളുമായി അധികൃതരെ സമീപിച്ചു. വാർത്ത മാധ്യമങ്ങൾ കൊടിയത്തൂരുകാരുടെ യാത്രാദുരിതം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഭരണകാലത്ത് കൊടിയത്തൂരിലെ വ്യാപാരികൾ മന്ത്രിയെ വരെ കണ്ടു നിവേദനം നൽകിയിരുന്നു.
നൂറുകണക്കിന് ആളുകളാണ് ഇന്ന് കാലത്ത് ബസ്സിനെ സ്വീകരിക്കാൻ കൊടിയത്തൂർ കോട്ടമ്മൽ അങ്ങാടിയിൽ എത്തിയത്. ഗ്രാമപഞ്ചായത്ത് സാരഥികൾ, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ വ്യാപാരി ഭാരവാഹികൾ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ബസ് സർവീസ് ആരംഭിക്കാൻ നേതൃത്വം നൽകിയ എല്ലാവരെയും നാട്ടുകാർ പ്രശംസിച്ചു.
