
newsdesk
മുക്കം : നാടും നഗരവും ഒരുപോലെ ഒഴുകിയെത്തി, ആവേശം ചെളി തെറിപ്പിച്ചു പാഞ്ഞ ഒരു ഒന്നൊന്നര പോരാട്ടത്തിനാണ് കൊടിയത്തൂർ സാക്ഷ്യം വഹിച്ചത്. ജൂലൈ 30,31,ആഗസ്ത് 1,2തിയ്യതികളിലായി നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രീ-ഇവന്റായി കൊടിയത്തൂർ പഞ്ചായത്തും അഡ്വഞ്ചർ ക്ലബ്ബും കൈകോർത്തപ്പോൾ, കൊടിയത്തൂരിലെ വണ്ടിപ്പൂട്ട് ആവേശക്കടലായി മാറി.
എന്നാൽ ഇത്തവണത്തെ വണ്ടിപ്പൂട്ടിന് മാറ്റുകൂട്ടാൻ ഒരാൾ കൂടിയുണ്ടായിരുന്നു—മറ്റാരുമല്ല, തിരുവമ്പാടിയുടെ സ്വന്തം എം.എൽ.എ സി.കെ. കാസിം!
ആവേശത്തോടെ കാത്തുനിന്ന ജനങ്ങളെ അമ്പരപ്പിച്ചുകൊണ്ട് എം.എൽ.എ ജീപ്പിന്റെ വളയം കയ്യിലെടുത്തു. പണ്ട് ഉപജീവനത്തിനായി ജീപ്പിന്റെ സ്റ്റിയറിങ് തിരിച്ച ആ പഴയ ഡ്രൈവർ, കാലങ്ങൾക്ക് ശേഷം ചെളി വണ്ടിപ്പൂട്ടിന്റെ വേദിയിൽ വീണ്ടും ആ പഴയ ‘കൈപ്പുണ്യം’ പുറത്തെടുത്തു. പണ്ടത്തെ ആ ഡ്രൈവിംഗ് കാലം ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു ട്രാക്കിലെ എം.എൽ.എയുടെ പെർഫോമൻസ്.
പണ്ട് ഉപജീവനത്തിന് വേണ്ടി ജീപ്പ് ഓടിച്ചിരുന്ന ആ പഴയ കാലം ഓർമ്മവന്നു. സത്യം പറഞ്ഞാൽ അന്ന് ജീപ്പ് ഓടിച്ചിരുന്നത് ഇതിലും വലിയ റിസ്ക് ഉള്ള കാര്യമായിരുന്നു, ഇത് അതൊക്കെ വെച്ചുനോക്കുമ്പോൾ അത്രക്കൊന്നുമില്ല..എന്ന് എം.എൽ.എ പ്രതികരിച്ചു.
എം.എൽ.എയുടെ മാസ്സ് എൻട്രി മാത്രമല്ല ഇത്തവണത്തെ വണ്ടിപ്പൂട്ടിനെ വേറിട്ടു നിർത്തിയത്. പുരുഷന്മാർ മാത്രം വാഴുമെന്ന് കരുതിയ ഓഫ്‌റോഡ് ട്രാക്കുകളിലേക്ക് ഇത്തവണ പെൺസിങ്കങ്ങളും വണ്ടിയിറക്കി! നൂറുകണക്കിന് ആളുകളെ സാക്ഷി നിർത്തി, ചെളി നിറഞ്ഞ ട്രാക്കിലൂടെ വണ്ടിയോടിച്ചു കയറ്റിയ വനിതാ ഡ്രൈവർമാർ കാണികളുടെ കയ്യടിയും ആവേശവും ഒരേപോലെ പിടിച്ചടക്കി.
ആദ്യമായി ഇത്തരം ഒരു മത്സരത്തിൽ പങ്കെടുത്തതിന്റെ ത്രില്ലിലായിരുന്നു കൊടുവള്ളി സ്വദേശികളായ വനിതാ മത്സരാർത്ഥികളായ ഷഹ്‌ലയും റിയയും തങ്ങളുടെ ആ ആദ്യ വണ്ടിപ്പൂട്ട് എക്സ്പീരിയൻസ് അവർ ആവേശത്തോടെയാണ് പങ്കുവെച്ചത്.
കുട്ടികളും മുതിർന്നവരും പ്രായമായവരുമടക്കം വിവിധ ഭാഗങ്ങളിൽ നിന്നായി ഒഴുകിയെത്തിയ നൂറുകണക്കിന് ജനങ്ങളാണ് ഈ ആവേശപ്പോരിന് സാക്ഷ്യം വഹിക്കാൻ കൊടിയത്തൂരിൽ തടിച്ചുകൂടിയത്. ചെളിക്കളത്തിലേക്ക് വണ്ടികൾ ഇരച്ചുകയറിയപ്പോൾ കൊടിയത്തൂർ വണ്ടിപ്പൂട്ട് മത്സരം വെറുമൊരു മത്സരമായിരുന്നില്ല, അതൊരു വമ്പൻ ജനകീയ ഉത്സവമായി മാറുകയായിരുന്നു!
