
newsdesk
കൊടിയത്തൂർ: പ്രദേശത്ത് പട്ടാപകൽ കുറുക്കന്റെ (കുറുനരി) ആക്രമണം. വെള്ളിയാഴ്ച ചെറുവാടി പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കീഴുപറമ്ബ് സ്വദേശി മാട്ടത്തൊടി നിസാമിന്റെ മകൻ ജസ്മൽ (12)എന്ന വിദ്യാർത്ഥിക്കാണ് കുറുക്കന്റെ കടിയേറ്റത്. ആക്രമണത്തിൽ വിദ്യാർത്ഥിയുടെ കാലിനാണ് പരിക്കേറ്റത്.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആവശ്യമായ അടിയന്തര പ്രതിരോധ കുത്തിവെപ്പുകളും വിദഗ്ദ്ധ ചികിത്സയും നൽകിവരികയാണ്.
ജനവാസ മേഖലയിൽ പകൽസമയത്ത് കുറുക്കന്റെ സാന്നിധ്യമുണ്ടായതും വിദ്യാർത്ഥിയെ ആക്രമിച്ചതും നാട്ടുകാരെ കടുത്ത ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രദേശത്ത് വന്യമൃഗങ്ങളുടെയോ തെരുവ് മൃഗങ്ങളുടെയോ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
