Site icon CTV Online

ഓഡിറ്റ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകൾ ആരോപിച്ച് കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി

മുക്കം : ഓഡിറ്റ് റിപ്പോർട്ടിലുൾപ്പെടെ ഗുരുതരമായ കണ്ടത്തലുകളുടെ സാഹസാഹര്യത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് കൊടിയത്തൂർ സർവീസ് സഹകരണ ബാങ്കിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണ്ണ നടത്തി. ബാങ്കിൽ വലിയ അഴിമതിയാണ് നടന്നതെന്നും സ്വന്തക്കാർക്കും ബന്ധക്കാർക്കും കോടികൾ ലോൺ നൽകി ബാങ്കിനെ തകർക്കുകയായിരുന്നു എന്നും സമരക്കാർ പറഞ്ഞു. 38 പേജുള്ള ഓഡിറ്റ് റിപ്പോർട്ടിൽ പകുതിയിലേറെ പേജിലും ബാങ്ക് ക്രമക്കേട് ആണ് പറയുന്നത്. 300 കോടി ആസ്തിയുള്ള ബാങ്ക് വിറ്റാൽ പോലും കടം വീട്ടാൻ പറ്റാത്ത അവസ്ഥയാണന്നും സമരക്കാർആരോപിച്ചു .


വലിയ അഴിമതി നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്നും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ധർണ്ണ ഡിസിസി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. സഹകരണ പ്രസ്ഥാനങ്ങളുടെ തകർച്ചക്ക് തുടക്കം കുറിച്ചവർ തന്നെയാണ് കൊടിയത്തൂർ ബാങ്കും ഭരിക്കുന്നത്. സഹകരണ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പ് അത്യാവശ്യമാണ്. എന്നാൽ സി.പി.എം ഭരിച്ച കരുവന്നൂർ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽ വൻ അഴിമതിയാണ് നടന്നത്. ആ നിലയിലേക്ക് കൊടിയത്തൂർ ബാങ്കിനേയും എത്തിക്കാൻ ശ്രമം.യു ഡി എഫ് ഭരിക്കുന്ന ബാങ്കുകൾ അധികാരത്തിൻ്റെ ഹുങ്ക് കൊണ്ട് സി.പി.എം ഭരണ സ്വാധീനമുപയോഗിച്ച് പിടിച്ചെടുക്കാൻ ശ്രമം. അത്തരം ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത് കൊടിയത്തൂരിലെ സി.പി.എം നേതാക്കൾ. സഹകരണ മേഖലയിൽ ജനാധിപത്യത്തെ സി.പി.എം അറുകൊല ചെയ്യുന്നു.ഇ എം എസ് ആശുപത്രിയുടെ പേരിൽ ബിനാമി ലോൺ എടുത്തവരാണ് സി.പിഎം നേതാക്കളെന്നും ദിനേശ് പെരുമണ്ണ പറഞ്ഞു.


ബാങ്ക് പിടിച്ചെടുക്കാനുള്ള ശ്രമമല്ലന്നും എന്നാൽ ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്നും ദിനേശ് പെരുമണ്ണ പറഞ്ഞു. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സുജ ടോം അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി സി ജെ ആൻ്റണി മുഖ്യ പ്രഭാഷണം നടത്തി. കെ.ടി മൻസൂർ, ബാബു പൊലുകുന്നത്ത്, കെ.പി സുബ്രമണ്യൻ, സി.കെ നജീബ്, യു.പി മമ്മദ്, മോയിൻ ബാപ്പു, മാധവൻ കുളങ്ങര, അഷ്റഫ് കൊളക്കാടൻ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version