
newsdesk
മുക്കം : വിഐപി സന്ദർശനത്തിന്റെ പേരിൽ ജീവൻ രക്ഷാ ദൗത്യവുമായി പോയ ആംബുലൻസ് അനാവശ്യമായി തടയുകയും, തുടർന്ന് രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. സംഭവത്തിൽ കാരശ്ശേരി മുൻ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ആംബുലൻസ് ഡ്രൈവർ ഷിഹാബിനെതിരെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരിക്കുന്നത്.
പോലീസിന്റെ ഈ നടപടിക്കെതിരെയും അന്യായമായ കേസിനെതിരെയും ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങിയിരിക്കുകയാണ് ഡ്രൈവർ ഷിഹാബ്. ഇതിന്റെ ഭാഗമായി കേരള ആഭ്യന്തര മന്ത്രിക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും അദ്ദേഹം ഔദ്യോഗികമായി പരാതി നൽകി.
കഴിഞ്ഞ 16-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാരശ്ശേരി മുരിങ്ങംപുറായിലെ സ്വകാര്യ ക്രഷർ ജീവനക്കാരനായ കാഞ്ഞിരമുഴി സ്വദേശി ജയൻ നടുത്തൊടിക (61) ബൈക്കിൽ നിന്ന് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അബോധാവസ്ഥയിലായ ജയനെ ആദ്യം കെ.എം.സി.ടി മെഡിക്കൽ കോളേജിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലേക്കും മാറ്റി. ഈ യാത്രയ്ക്കിടയിലാണ് തൊണ്ടയാട് വെച്ച് ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി പോലീസ് വാഹനങ്ങൾ തടഞ്ഞിട്ടത്.
വിഐപിയുടെ വാഹനങ്ങൾ കടന്നുപോയ ശേഷവും പോലീസുകാർ ആംബുലൻസ് കടത്തിവിടാൻ തയ്യാറായില്ലെന്ന് ഡ്രൈവർ ഷിഹാബ് വ്യക്തമാക്കുന്നു.
ആംബുലൻസിനുള്ളിൽ രോഗി അതീവ ഗുരുതരാവസ്ഥയിൽ അബോധാവസ്ഥയിലാണെന്നും എമർജൻസി കേസാണെന്നും പോലീസിനെ ബോധ്യപ്പെടുത്തിയിട്ടും വാഹനം പോകാൻ അനുവദിച്ചില്ല. തുടർന്ന് രോഗിയുടെ ജീവൻ അപകടത്തിലാകുമെന്ന് മനസ്സിലാക്കി ഡ്രൈവർ വാഹനം മുന്നോട്ട് എടുക്കുകയായിരുന്നു.
എന്നാൽ ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് ഷിഹാബിന് കോൾ വരികയും, പോലീസിന്റെ നിർദേശം അവഗണിച്ച് അശ്രദ്ധമായി വാഹനമോടിച്ചുവെന്ന് കാണിച്ച് കേസെടുത്തതായി അറിയിക്കുകയുമായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയൻ നടുത്തൊടിക ദിവസങ്ങളോളം വെന്റിലേറ്റർ ചികിത്സയിലായിരുന്നു. നിലവിൽ ആശുപത്രി വിട്ട അദ്ദേഹം വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ്.
അത്യാസന്ന നിലയിലായ ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസിന്റെ പ്രതികാര നടപടിക്കെതിരെ പൊതുജനങ്ങൾക്കിടയിലും സന്നദ്ധ പ്രവർത്തകർക്കിടയിലും കടുത്ത അമർഷമാണ് ഉയരുന്നത്. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന ആംബുലൻസ് ഡ്രൈവർമാരോട് പോലീസ് കാണിക്കുന്ന ഇത്തരത്തിലുള്ള അനീതി പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും, ആഭ്യന്തര മന്ത്രിയും മനുഷ്യാവകാശ കമ്മീഷനും ഇടപെട്ട് ഡ്രൈവർ ഷിഹാബിനെതിരെയുള്ള കേസ് ഉടനടി പിൻവലിക്കണമെന്നുമാണ് നാട്ടുകാരുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും ആവശ്യം
