Site icon CTV Online

ഹാട്രിക്ക് മെഡൽ തിളക്കത്തിൽ മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂർ

മുക്കം : മലയോര മേഖലക്ക് അഭിമാനമായി ദേശീയ ഫയർ സർവീസ് സ്പോർട്സ് മീറ്റിൽ ഹാട്രിക്ക് മെഡൽ നേട്ടവുമായി മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം എ ഗഫൂർ. രാജസ്ഥാനിലെ ഉദയ്പൂരിൽ വെച്ച് നടക്കുന്ന ദേശീയ ഫയർ സർവീസ് മീറ്റിൽ 400 മീറ്ററിൽ സ്വർണ്ണവും 100 മീറ്ററിലും 200 മീറ്ററിലും വെങ്കല മെഡലുകളും നേടി ഹാട്രിക്ക് തികച്ച് സൗദി അറേബ്യയിലെ അൽഖോബാറിൽ ഈ വർഷം നവംബർ അഞ്ച് മുതൽ പതിമൂന്ന് വരെ നടക്കുന്ന ലോക ഫയർ സർവീസിൽ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ യോഗ്യത നേടി.

2024 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് നടന്ന ദേശീയ ഫയർ സർവീസ് മീറ്റിൽ റിലേയിൽ സ്വർണ്ണമടക്കം മൂന്ന് മെഡലുകൾ വാരിക്കൂട്ടിയിരുന്നു. അതേ വർഷം സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ 400 മീറ്ററിൽ സ്വർണവും റിലേയിൽ വെള്ളിയും നേടിയിരുന്നു. 2018 ൽ നാഗ്പൂരിലും 2020 ൽ ലഖ്നൗവിലും വെച്ച് നടന്ന ദേശീയ ഫയർ സർവീസ് ഫുട്ബോൾ ടൂർണമെന്റുകളിൽ ചാമ്പ്യന്മാരായ കേരള ടീമിനെ നയിച്ചത് ഗഫൂറായിരുന്നു.


ഔദ്യോഗിക ഡ്യൂട്ടിയിലെ മികവ് കായിക മേഖലയിലും തുടരാനായതിന്റെ സന്തോഷത്തിലാണ് ഗഫൂർ. 2019 ൽ മികച്ച സ്റ്റേഷൻ ഓഫീസർക്കുള്ള അഗ്നിരക്ഷാസേന ഡയറക്ടർ ജനറലിന്റെ ‘ബാഡ്ജ് ഓഫ് ഓണർ’ പുരസ്കാരത്തിനർഹനായിട്ടുണ്ട്. ചൂരൽമല, കവളപ്പാറയടക്കം നിരവധി ദുരന്തമേഖലകളിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എം എ ഗഫൂറിന് നിരവധി ഗുഡ് സർവീസ് എൻട്രികളും ലഭിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ലോക ഫയർ സർവീസ് ഗെയിംസിൽ ഇന്ത്യൻ കുപ്പായത്തിൽ ട്രാക്കിനിറങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് എം എ ഗഫൂർ. മലപ്പുറം ജില്ലയിലെ കീഴുപറമ്പ് കുനിയിൽ സ്വദേശിയാണ്.

Exit mobile version