Site icon CTV Online

ഇരുവഞ്ഞിയുടെ വീണ്ടെടുപ്പിന് ഫെബ്രുവരി 1-ന് “കൂട്ടക്കുളിയും സൗഹൃദ നീന്തലും”

മുക്കം: ഇരുവഞ്ഞി നദിയുടെ ശുചീകരണവും, സംരക്ഷണവും ലക്ഷ്യമിട്ട് “കൂട്ടക്കുളിയും സൗഹൃദ നീന്തലും” പരിപാടി 2026 ഫെബ്രുവരി 1-ന് ഞായറാഴ്ച രാവിലെ 7:30ന് കൊടിയത്തൂർ കോട്ടമുഴി കടവിൽ നടക്കും. പുഴ സ്നേഹികളുടെ കൂട്ടായ്മയായ ചാലിയാർ ഡൈവേഴ്സ് മാവൂർ നേതൃത്വം നൽകുന്ന പരിപാടിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നീന്തൽ പ്രേമികളും സന്നദ്ധ പ്രവർത്തകരും പങ്കെടുക്കും.

നദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ജലാശയ സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിൽ ബോധവൽക്കരിക്കുകയും, പുഴ കയ്യേറ്റങ്ങൾ തടയുന്നതിനും വേണ്ടിയാണ് പരിപാടിയുടെ ലക്ഷ്യം. ഏഴ് വയസ്സുമുതൽ എഴുപത് വയസ്സുവരെയുള്ളവർക്ക് പങ്കെടുക്കാവുന്ന പരിപാടിയാണിത്.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജി. അബ്ദുൽ അക്ബർ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗം പ്രേമ ടീച്ചർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

മുക്കം മുൻസിപ്പാലിറ്റിയുടെ ‘നീന്തി വാ മക്കളെ’ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായ നീന്തൽ താരം റെന ഫാത്തിമ പരിപാടിയുടെ പ്രധാന ആകർഷണമാകും.

പരിപാടിയുടെ വിജയത്തിനായി വിവിധ സന്നദ്ധ സംഘടനകളും, നാട്ടുകാരും കൈകോർക്കുന്നുണ്ട്. നദിയെ മാലിന്യമുക്തമാക്കാനും വരും തലമുറയ്ക്ക് ശുദ്ധജലം ഉറപ്പാക്കാനും സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും, കൂട്ട കുളിയിലും, സൗഹൃദ നീന്തലിലും എല്ലാവരും പങ്കെടുക്കണമെന്നും സംഘാടകർ അഭ്യർഥിച്ചു.

Exit mobile version