
newsdesk
മുക്കം: പുഴജീവിതം തിരികെ പിടിക്കുകയെന്ന ലക്ഷ്യത്തിൽ പുതുതലമുറയെക്കൂടി ചേർത്തുനിർത്തി കൂട്ടക്കുളിയും, സൗഹൃദ നീന്തലും സംഘടിപ്പിച്ച് എന്റെ സ്വന്തം ഇരുവഞ്ഞിക്കൂട്ടായ്മ.
മലയോര മേഖലയുടെ ജീവനാഡിയായി ഒഴുകുന്ന ഇരുവഞ്ഞിപ്പുഴയുടെ ശുചീകരണവും സംരക്ഷണവും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും പുഴസ്നേഹികളും ഉൾപ്പെടെയുള്ള നൂറുകണക്കിന് പ്രകൃതി സ്നേഹികൾ പരിപാടിയിൽ പങ്കാളികളായി.കുളിക്കടവുകളിൽ നീർനായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടുന്നതിന് ഉചിതമായ മാർഗങ്ങൾ അധികൃതർ സ്വീകരിക്കണമെന്ന് ചടങ്ങിൽ ആവശ്യമുയർന്നു.
സൗഹൃദ കൂട്ടനീന്തലിന് മുക്കം നഗരസഭ നീന്തിവാ മക്കളേ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ റെന ഫാത്തിമയും മാവൂർ ചാലിയാർ ഡൈവേഴ്സ് അംഗങ്ങളായ കെ.വി.ശംസുദ്ധീൻ, ഹമീദ് കടോളി, കെ.എം.എച്ച്.ആലി, ശരീഫ് മൂശാരിക്കണ്ടി എന്നിവരും നേതൃത്വം നൽകി.
നാട്ടുകാർ കൂടി പങ്കെടുത്ത കൂട്ടക്കുളിക്ക് മുസ്തഫ ചേന്ദമംഗലൂർ,പി.കെ. ഫൈസൽ, നസ്റുള്ള,ജാഫർ പുതുക്കുടി, സലീം വലിയപറമ്പ് എന്നിവർ നേതൃത്വം നൽകി. കോട്ടമുഴി കടവിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത ടീച്ചർ നിർവ്വഹിച്ചു.എൻ്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ ചെയർമാൻ പി.കെ.സി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. അബ്ദുൽ അക്ബർ ചീനിമരത്തെ സാക്ഷിനിർത്തി പുഴ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൂട്ടായ്മ സെക്രട്ടറി കെ.ടി.എ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു.
പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.എൻ ഷുഹൈബ്,മജീദ് മൂലത്ത്,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രേമ ടീച്ചർ,സി.ടി യൂസുഫ്, മുക്കം നഗരസഭ കൗൺസിലർ ഷഫീഖ് മാടായി, മുക്കം പ്രസ്ക്ലബ്ബ് പ്രസിഡന്റ് സി. ഫസൽ ബാബു,ബന്ന ചേന്ദമംഗലൂർ, മുക്കം അഗ്നി രക്ഷാസേനാ ഓഫീസർ രാജേഷ്, ടി.വി.ഷാഫി, ജാഫർ പുതുക്കുടി,റിയാസ് കക്കാട് എന്നിവർ സംസാരിച്ചു.
മുക്കം നഗരസഭയുടെ ‘നീന്തി വാ മക്കളെ’ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായ നീന്തൽ താരം റെന ഫാത്തിമ, പ്രമുഖ ബ്ലോഗർ പാനാളി ജുനൈസ് ,ചാലിയാർ ഡൈവേഴ്സ് ക്ലബ്ബ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. എൻ.ശശികുമാർ സ്വാഗതവും പി.കെ ഫൈസൽ നന്ദിയും പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിലധികമായി ഇരുവഞ്ഞി പുഴ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന എൻറെ സ്വന്തം ഇരുവഴി കൂട്ടായ്മ പുഴ കയ്യേറ്റത്തിനും, നീർനായ ശല്യത്തിനും എതിരെ നിരന്തരം പരിപാടികൾ സംഘടിപ്പിച്ചിരുന്നു. അധികാരികളുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകണമെന്ന് കൂട്ടായ്മ ആവശ്യപ്പെടുന്നു.
