
newsdesk
മുക്കം: സോഷ്യൽ മീഡിയ റീൽസുകളും ഹിഡൻ സ്പോട്ടുകളെക്കുറിച്ചുള്ള വീഡിയോകളും കണ്ട് പരിചയമില്ലാത്ത സ്ഥലങ്ങളിൽ എത്തുന്ന സന്ദർശകർ, പെട്ടെന്നുണ്ടാകുന്ന മലവെള്ളപ്പാച്ചിലിലും മറ്റുംപെട്ട് കുടുങ്ങിപ്പോകുന്ന സംഭവങ്ങൾ മുക്കം ഫയർ സ്റ്റേഷൻ പരിധിയിൽ പതിവാണ്. ഇത്തരം അടിയന്തര സാഹചര്യങ്ങൾ നേരിടാനും ഇവരെ സുരക്ഷിതമായി കരയ്ക്കെത്തിക്കാനുമായി കോഴിക്കോട് ഡിവിഷനിലെ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് റോപ്പ് റെസ്ക്യൂ പരിശീലനം നൽകി. കോഴിക്കോട് റീജണൽ ഫയർ ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ മുഴുവൻ സ്റ്റേഷനുകളിലെയും ജീവനക്കാർക്കായി സമഗ്ര പരിശീലനം സംഘടിപ്പിച്ചത്.
ആളുകൾ മുന്നറിയിപ്പുകളോ സുരക്ഷാ മുൻകരുതലുകളോ ഇല്ലാതെ ഇത്തരം അപകടമേഖലകളിലേക്ക് ഇറങ്ങരുതെന്നും, സുരക്ഷ മുൻനിർത്തി മാത്രമേ പുഴകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇറങ്ങാവൂ എന്നും മുക്കം ഫയർ ഓഫീസർ അബ്ദുൽ സലീം നിർദ്ദേശിച്ചു. ഈ പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള റോപ്പ് റെസ്ക്യൂ ട്രെയിനിങ്ങിന് വലിയ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശീലനത്തിന്റെ ഭാഗമായി മുക്കം ഫയർ സ്റ്റേഷന്റെ കീഴിലുള്ള ഇരുവഞ്ഞിപ്പുഴയിൽ റോപ്പ് റെസ്ക്യൂവിന്റെ ഭാഗമായുള്ള ‘റിവർ ക്രോസിംഗ്’ ടെക്നിക്കുകൾ വിജയകരമായി പരീക്ഷിച്ചു. അപകടസ്ഥലത്ത് മറുകരയിലേക്ക് എളുപ്പത്തിൽ റോപ്പ് എത്തിച്ച് ആങ്കർ ചെയ്ത ശേഷം, കുടുങ്ങി കിടക്കുന്നവരെ സുരക്ഷിതമായി കരയിലെത്തിക്കുന്നതിനുള്ള നൂതന മാർഗ്ഗങ്ങളാണ് ഉദ്യോഗസ്ഥർക്ക് പരിശീലനത്തിലൂടെ പകർന്നുനൽകിയത്. കഴിഞ്ഞ ദിവസങ്ങളിൽ ട്രീ റെസ്ക്യൂ ഉൾപ്പെടെയുള്ള വിവിധ റോപ്പ് റെസ്ക്യൂ സാങ്കേതികവിദ്യകളിലും പരിശീലനം നൽകിയിരുന്നു. റോപ്പ് റെസ്ക്യൂ പരിശീലകനായ അഭിലാഷിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ പ്രത്യേക ടീമാണ് കോഴിക്കോട് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

