
newsdesk
മുക്കം: തോട്ടുമുക്കം – ഫാത്തിമ എസ്റ്റേറ്റ് – പള്ളിത്താഴെ – തേക്കിൻ ചുവട് റോഡിന്റെ നിർമ്മാണത്തിനായി അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ആരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ തിരുവമ്പാടി എം.എൽ.എ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മുക്കം പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം മുക്കം ടൗൺ ചുറ്റി എം.എൽ.എ ഓഫീസിന് മുന്നിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു.
ധർണ്ണാ സമരം സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം ജോണി എടശ്ശേരി ഉദ്ഘാടനം ചെയ്തു.
മുൻ എം.എൽ.എ ലിന്റോ ജോസഫിന്റെ ശ്രമഫലമായി കേന്ദ്ര റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ (CRIF) നിന്ന് റോഡ് വികസനത്തിനായി 30 കോടി രൂപ അനുവദിച്ചിരുന്നതായി നേതാക്കൾ പറഞ്ഞു. എന്നാൽ ഈ തുക പൊതുമരാമത്ത് (PWD) മന്ത്രി സ്വന്തം മണ്ഡലത്തിലേക്ക് വകമാറ്റി ചെലവഴിച്ചുവെന്നാണ് സി.പി.എമ്മിന്റെ പ്രധാന ആരോപണം.
പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ റോഡ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും അനുവദിച്ച ഫണ്ട് പൂർണ്ണമായും തിരുവമ്പാടി മണ്ഡലത്തിൽ തന്നെ വിനിയോഗിക്കണമെന്നും സമരം ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
പ്രതിഷേധ മാർച്ചിലും സംഗമത്തിലും പാർട്ടി നേതാക്കളും പ്രവർത്തകരും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
