Site icon CTV Online

സ്നേഹചക്രങ്ങൾ തിരിയുന്നു;എസ് എം എ ബാധിതരായ മൂന്ന് കുരുന്നുകളുടെ ജീവനായി മലയോരത്തിന്റെ ബസുകളുടെ കാരുണ്യ യാത്ര

മുക്കം: അപൂർവ്വ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (SMA ടൈപ്പ് 2) ബാധിച്ച് പ്രതിസന്ധിയിലായ കല്ലുരുട്ടിയിലെ മൂന്ന് കുരുന്നുകളുടെ ജീവൻ കാക്കാൻ മലയോര മേഖലയിലെ സ്വകാര്യ ബസുകാർ ഒന്നാകെ കൈകോർക്കുന്നു. ഒന്നര വയസ്സുകാരായ ഈഥൻ ,ഡേവിഡ് ,ഒലിവർ എന്നീ സഹോദരങ്ങളുടെ തുടർന്നുള്ള ജീൻ തെറപ്പി ചികിത്സയ്ക്കായി ആവശ്യമായ 50 കോടി രൂപയുടെ ദൗത്യത്തിലേക്കാണ് സ്വകാര്യ ബസ് തൊഴിലാളികളും ഉടമകളും ജീവകാരുണ്യത്തിന്റെ വലിയ മാതൃക തീർക്കുന്നത്.

ബസ് തൊഴിൽ മേഖലയിൽ വലിയ പ്രതിസന്ധി നിലനിൽകുകയും പരിഹാരത്തിനായി നവംബർ 3മുതൽ ബസുകൾ അനിശ്ചിതകാല സമരം തുടങ്ങാനിരിക്കെയാണ് ബസുടമകളും ജീവനക്കാരും നവംബർ 2 തിങ്കളാഴ്ച ഈ കാരുണ്യ യാത്ര സംഘടിപ്പിക്കുന്നത്. അന്നേദിവസം സർവീസ് നടത്തുന്ന ബസുകളിൽ നിന്നുള്ള കളക്ഷൻ തുകയിൽ ഇന്ധനച്ചെലവ് മാത്രം കഴിച്ച്, ബാക്കി തുകയും ജീവനക്കാരുടെ അന്നത്തെ വേതനവും പൂർണ്ണമായും ചികിത്സാ സഹായ നിധിയിലേക്ക് നൽകും.തിരുവമ്പാടി മുൻ എം.എൽ.എ ലിന്റോ ജോസഫിന്റെ നേതൃത്വത്തിലും ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളുടെ സഹകരണത്തിലുമാണ് ഈ പ്രയാണം പുരോഗമിക്കുന്നത്.

നിലവിൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു കഴിഞ്ഞു. 30-ലേറെ ബസുകൾ ആണ് ആദ്യഘട്ടത്തിൽനിരത്തിലിറങ്ങുക .മുക്കം കേന്ദ്രീകരിച്ച് ഓടുന്ന തോട്ടുമുക്കം, തിരുവമ്പാടി, ഓമശ്ശേരി, താമരശ്ശേരി, കൊടിയത്തൂർ, കൂടരഞ്ഞി, കോഴിക്കോട് തുടങ്ങിയ മലയോര റൂട്ടുകളിലെ 30-ലധികം സ്വകാര്യ ബസുകളാണ് ആദ്യഘട്ടത്തിൽ സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നിട്ടുള്ളത്. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ ഈ സംരംഭത്തിൽ പങ്കാളികളാകുമെന്നാണ് ഭാരവാഹികൾ വ്യക്തമാക്കുന്നത്.

നവംബർ 2-ലെ ഈ കാരുണ്യ സർവീസിന് പരമാവധി പിന്തുണ നൽകണമെന്ന് ബസ് ജീവനക്കാരും സംഘാടകരും നാട്ടുകാരോട് അഭ്യർത്ഥിച്ചു . പ്രത്യേകിച്ച്, അന്നത്തെ ദീർഘദൂര ,സൗജന്യ യാത്രകൾ ഒഴിവാക്കി സ്ത്രീകളും മറ്റ് യാത്രക്കാരും ഈ സ്വകാര്യ ബസുകളിൽ തന്നെ യാത്ര ചെയ്ത് സർവീസുമായി സഹകരിക്കണമെന്നാണ് അഭ്യർത്ഥന. കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നതിലൂടെ വലിയൊരു തുക കുരുന്നുകളുടെ ചികിത്സക്കായി കണ്ടെത്താൻ സാധിക്കും.കയ്യെത്താദൂരത്തെ 50 കോടി എന്ന സ്വപ്നം
ഈ മൂന്ന് കുരുന്നുകളുടെയും പുനർജനിക്കായി നിലവിൽ ഒപ്പമുള്ള നാട് 10.5 കോടി രൂപയോളം സമാഹരിച്ചു കഴിഞ്ഞു. ഇനിയും 40 കോടിയോളം രൂപ സമാഹരിക്കേണ്ടതുണ്ട്. ഓരോരുത്തരുടെയും ചെറുതും വലുതുമായ കൂട്ടായ്മകളിലൂടെ മാത്രമേ ഈ തുക എന്ന ലക്ഷ്യത്തിലേക്കെത്താൻ സാധിക്കൂ. ആ വലിയ പോരാട്ടത്തിനാണ് മുക്കത്തിന്റെ ചക്രങ്ങൾ കാരുണ്യത്തിന്റെ പെരുമഴ തീർക്കാൻ ഒരുങ്ങുന്നത്.

Exit mobile version