
newsdesk
മുക്കം : 5 വർഷമായിട്ടും നിയമനാംഗീകാരമില്ല; എ ഇ ഒ ഓഫീസിന് മുന്നിൽ അധ്യാപകരുടെ കുത്തിയിരിപ്പ് സമരം മുക്കം: സ്കൂളിൽ അധ്യാപക നിയമനം ലഭിച്ച് 5 വർഷമായിട്ടും അംഗീകാരം ലഭിക്കാത്തതിൽ അധ്യാപകരുടെ പ്രതിഷേധം.തിരുവമ്പാടി സേക്രഡ് ഹാർട്ട് യു .പി സ്കൂളിലെ അധ്യാപകരായ ഡാനി തോമസ് , സുവർണ ഗ്ലോറിയ തോമസ്, കെ.പി ലിസി എന്നിവരാണ് മുക്കം എ ഇ ഒ ഓഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.
മാനേജ് മെൻ്റിൻ്റെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചെങ്കിലും എ ഇ ഒ ഓഫീസിലെ അനാസ്ഥയാണ് അംഗികാരം ലഭിക്കാത്തതിന് കാരണമെന്നാണ് ഇവർ ആരോപിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് നടന്ന അദാലത്തിലും തങ്ങൾക്ക് അനൂകൂലമായ ഉത്തരവ് ലഭിച്ചിട്ടും എ ഇ ഒ ഓഫീസിലെ അനാസ്ഥ തുടരുകയാണെന്നും അദ്ധ്യാപകർ പറയുന്നു. പ്രശ്നത്തിന് പരിഹാരമായതിന് ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്നും അധ്യാപകർ നിലപാടെടുത്യ. 5 വർഷമായി ശമ്പളം ലഭിക്കാതെയാണ് ജോലിചെയ്യുന്നതെന്നും നിത്യ ചെലവിനായി രാത്രികാലങ്ങളിലും മറ്റ് ഒഴിവ് ദിവസങ്ങളിലും മറ്റ് ജോലികൾക്ക് പോയാണ് കുടുംബം പുലർത്തുന്നതെന്നും ഇവർ പറഞ്ഞു.
അതേ സമയം സീനിയോറിറ്റി പ്രശ്നമാണ് നിലനിൽക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് മാനേജരുടെ ഭാഗത്ത് നിന്ന് ക്ലാരിഫിക്കേഷൻ ലഭിച്ചാൽ പ്രശ്നം പരിഹരിക്കാമെന്നും എ ഇ ഒ ടി.ദീപ്തി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് അടുത്ത മാസം ഹിയറിംഗ് നടത്തുമെന്നും എ ഇ ഒ പറഞ്ഞങ്കിലും നേരത്തെ നിരവധി തവണ പറഞ്ഞ് കബളിപ്പിച്ചപോലെ വീണ്ടും കബളിപ്പിക്കാനാണ് ശ്രമമെന്ന് പറഞ്ഞ് അധ്യാപകർ സമരം തുടരുകയായിരുന്നു . തുടർന്ന് അധ്യാപക സംഘടന നേതാക്കളായ കെ.പി.എസ്.ടി.എ സംസ്ഥാന സമിതി അംഗം സുധീർ കുമാർ, മുക്കം ഉപജില്ല പ്രസിഡണ്ട് ജോയ് ജോർജ്, സെക്രട്ടറി ബിൻസ്, കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് ഖാസിമി, പ്രധാനാധ്യാപകനും കെ.പി.പി.എച്ച്.എ സബ്ജില്ല എച്ച്.എം ഫോറം പ്രസിഡണ്ടുമായ സുനിൽ പോൾ മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് സി.കെ കാസിമും ഉൾപ്പെടെ എ ഇ ഒമായി ചർച്ച നടത്തുകയും സീനിയറായ അധ്യാപികക്ക് പരാതിയില്ലന്ന് രേഖാമൂലം എഴുതി നൽകിയാൽ മാർച്ച് 7നകം നിയമനം നൽകുമെന്ന് എ.ഇ.ഒ ഉറപ്പ് നൽകുകയും ചെയ്തതോടെയാണ് മണിക്കൂറുകൾ നീണ്ട സമരം അവസാനിച്ചത്.
