
newsdesk
മുക്കം: വിശ്രമകേന്ദ്രമോ ഹോട്ടലോ? കാണുന്നവർക്ക് സംശയം. കാരശ്ശേരി പഞ്ചായത്തിലെ നോർത്ത് കാരശ്ശേരി ഓടത്തെരുവിൽ സംസ്ഥാന പാതയോരത്താണ് ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഈ പുത്തൻ കെട്ടിടം.ഒറ്റ നോട്ടത്തിൽ ഹോട്ടൽ തന്നെ. ആകർഷകമായ ബോർഡുമുണ്ട്. സൂക്ഷിച്ചു നോക്കിയാൽ ടേക്ക് എബ്രേക്ക് എന്ന ഒരു ബോർഡു കൂടി കാണാം.
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി സർക്കാരും സ്വച്ഛ് ഭാരത് മിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും ചേർന്ന് എല്ലായിടത്തുംഇത്തരം
വഴിയോരവിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കുന്നുണ്ട് . ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കലാണ് ഉദ്ദേശ്യം. വിശാലമായ സൗകര്യങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ ഒരുക്കുക.
ടെലിവിഷനും എയർ കണ്ടീഷനും മൊബൈൽ ഫോൺ ചാർജു ചെയ്യുന്നതിനുള്ള സൗകര്യവുമടങ്ങുന്ന ഇരുനില കെട്ടിടവും അതിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും രണ്ടു വിതം ശൗചാലയവും ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന ശൗചാലയവും അടങ്ങുന്നതാണ് പദ്ധതി. ലഘുഭക്ഷണം ലഭിക്കാനുള്ള സൗകര്യത്തിന് കഫ്ത്തീരിയയും.
ഇരുനില കെട്ടിടത്തിൽ ഒരു നിലയേ ഇവിടെപൂർത്തിയായുള്ളുവെങ്കിലും കഴിഞ്ഞ ജൂൺ 14ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം നിർവ്വഹിച്ച ഈ കെട്ടിടത്തിലും സൗകര്യങ്ങളെല്ലാമുണ്ട്. 42,19,000 രൂപയാണ് ചിലവ്. യാത്രക്കാർക്ക് താമസിക്കാനുള്ള മുറികളും ഡോർമെറ്ററിയുമടങ്ങുന്ന മുകൾനിലയാണ് ഇനി നിർമ്മിക്കാനുള്ളത്.
ഈ കേന്ദ്രത്തോടനുബന്ധിച്ച് കോഫി ഷോപ്പോ റഫ്രഷ്മൻ്റ് സെൻററോ തുടങ്ങാമെന്ന പഴുതാണ് ഇതിനെ ഹോട്ടലാക്കി മാറ്റിയത്.ഇപ്പോൾ ഈ കേന്ദ്രത്തിൻ്റെ മുൻ വശമാകെ ഹോട്ടലിലെത്തുന്നവർ ഭക്ഷണം കഴിക്കാനാണുപയോഗിക്കുന്നത്.ഇതിനിടയിലൂടെ കയറി ചെന്നാൽ ഏതാനും കസേരകൾ നിരത്തിയ ഒരു മുറി കാണാം. അതാണ് വിശ്രമത്തിനുള്ളത്. അതാകട്ടെ സ്ത്രീകൾക്കും കുട്ടികൾക്കുമൊന്നും ഉപയോഗിക്കാവുന്ന സ്വകാര്യതയുള്ളതല്ല. മുൻ വശത്താണെങ്കിൽ ഹോട്ടലിൻ്റെ മേശയും കസേരയും മറ്റും നിരന്നു കിടക്കുന്നു.ചുരുക്കത്തിൽ നോട്ടലിൽ വരുന്നവർക്കുള്ള ഉപയോഗത്തിൽ മാത്രമായി വിശ്രമകേന്ദ്രം മാറി കഴിഞ്ഞു.
പിൻഭാഗത്തുള്ള ശുചി മുറികളും വാഷ് റൂമും മാത്രമാണിപ്പോൾ യാത്രക്കാർക്ക് ഉപയോഗിക്കാവുന്നത്.
“ടേക്ക് എ ബ്രേക്ക് ”കേന്ദ്രത്തിൻ്റെ നടത്തിപ്പ് സ്വകാര്യ വ്യക്തിക്ക് ലേലം ചെയ്തു നൽകിയതാണെന്നും അവിടെ ഭക്ഷണശാല നടത്താൻ താസ്സമില്ലെന്നുമാണ് കാരശ്ശേരി പഞ്ചായത്ത് പ്രസിസൻഡ് വി.പി.സ്മിതയുടെ നിലപാട്.ഇത്തരം കേന്ദ്രങ്ങൾ നിലനിർത്താൻ അതാവശ്യമാണെന്നും അവർ പറയുന്നു.