newsdesk
മുക്കം∙ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷം. വളർത്തു മൃഗങ്ങൾക്ക് ഉൾപ്പെടെ വൻ ഭീഷണിയായിട്ടും നടപടിയില്ല. അങ്ങാടിയിലും പരിസരത്തും നായ്ക്കളുടെ വിളയാട്ടമാണ്. ബസ് സ്റ്റാൻഡിലും കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിലും ഓട്ടോറിക്ഷ സ്റ്റാൻഡിലും രാപകൽ നായ്ക്കൾ കുരച്ചുചാടുന്നു. വീട്ടുപരിസരത്തു നിന്നു കോഴികൾ, താറാവുകൾ എന്നിവയെ പിടികൂടുന്നു.
വീട്ടുമുറ്റത്തുള്ള ചെരിപ്പ്, ഷൂ, കാർപറ്റുകൾ തുടങ്ങിയവ നശിപ്പിക്കുന്നതും പതിവാണ്. വിദ്യാർഥികൾ പേടിയോടെയാണ് മദ്രസകളിലും മറ്റും പോകുന്നത്. അഗസ്ത്യൻമൂഴി, മാമ്പറ്റ ഭാഗങ്ങളിൽ പേയിളകിയ നായ നടത്തിയ ആക്രമണങ്ങളിൽ ഒട്ടേറെ പേർക്ക് കടിയേറ്റതും അടുത്തിടെയാണ്. നായ്ക്കളുടെ കടിയേറ്റാൽ എടുക്കേണ്ട വാക്സീനും പലപ്പോഴും ക്ഷാമം നേരിടുന്നു. സിഎച്ച്സിയിൽ നിന്ന് വാക്സീൻ ലഭിച്ചില്ലെങ്കിൽ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകേണ്ട സ്ഥിതി.