Site icon CTV Online

ജലജീവൻ പദ്ധതിക്കായ് റോഡുകൾ കുത്തിപ്പൊളിച്ചു; ദുരിത യാത്ര

മുക്കം∙ ജലജീവൻ പദ്ധതിക്കായ് കുത്തിപ്പൊളിച്ച റോഡുകൾ പൂർവ സ്ഥിതിയിലാക്കാത്തത് മൂലം ദുരിത യാത്ര. വേനൽ മഴ ശക്തമായതോടെ യാത്ര കൂടുതൽ ദുർഘടവുമായി. മഴക്കാലത്തിന് മുമ്പ് റോഡുകൾ പൂർവ അവസ്ഥയിലാക്കണമെന്ന ആവശ്യം ശക്തമായി. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും കരാറുകാരുടെയും യോഗം വിളിച്ച് സ്കൂളുകൾ തുറക്കും മുമ്പ് റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് കാരശ്ശേരി പഞ്ചായത്ത് കോൺഗ്രസ് പാർലമെന്റ് പാർട്ടി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരോട് പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ബന്ധപ്പെട്ടപ്പോൾ ഓൺ ലൈൻ യോഗത്തിൽ മാത്രമേ പങ്കെടുക്കാൻ സാധിക്കൂ എന്നാണ് അറിയിച്ചതെന്നും കോൺഗ്രസ് ചൂണ്ടികാട്ടുന്നു. പദ്ധതി ആരംഭിച്ചപ്പോൾ മാസത്തിൽ റിവ്യു യോഗം ചേരാറുണ്ടായിരുന്നു. ഇപ്പോൾ അതില്ല.

ഓവുചാലുകളിൽ വരെ ജലജീവൻ പദ്ധതിയുടെ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുകയാണ്. ഓവുചാലുകളിൽ ഇത് മൂലം മഴവെള്ളം കെട്ടി കിടക്കുന്ന അവസ്ഥയുമാണ്. യോഗത്തിൽ സത്യൻ മുണ്ടയിൽ ആധ്യക്ഷ്യം വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, റുഖിയ റഹീം, അഷ്റഫ് തച്ചാറമ്പത്ത്, ശാന്താ ദേവി മൂത്തേടത്ത് എന്നിവർ പ്രസംഗിച്ചു. മലയോര മേഖലയിൽ ജല ജീവൻ പദ്ധതിക്ക് കുത്തിപ്പൊളിച്ച റോഡുകൾ മഴക്കാലത്തിന് മുമ്പ് പൂർവ സ്ഥിതിയിലാക്കണമെന്ന് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് സി.കെ.കാസിം, ജനറൽ സെക്രട്ടറി പി.ജി.മുഹമ്മദ് എന്നിവരും ആവശ്യപ്പെട്ടു.

Exit mobile version