മലയോരമേഖലയിൽ കനത്ത മഴ തുടരുന്നു, കൃഷി നശിച്ചു; വൈദ്യുത തൂണുകളും ലൈനുകളും തകർന്നു

മുക്കം∙ കനത്ത മഴയിൽ വാഴത്തോട്ടങ്ങൾ വെള്ളത്തിലായി, വ്യാപക നാശനഷ്ടം. നേന്ത്രവാഴക്കൃഷിയാണ് നശിക്കുന്നത്. നഗരസഭയുടെയും കാരശ്ശേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ആയിരക്കണക്കിന് വാഴകളാണ് നശിച്ചത്. സ്ഥലം പാട്ടത്തിനെടുത്തും കൃഷിക്കു ബാങ്ക് വായ്പ എടുത്തവരുമാണ് ഏറെയും കർഷകർ. മൂപ്പെത്താത്ത കുലകൾ ആർക്കും വേണ്ട. ബാങ്ക് വായ്പ എങ്ങനെ തിരിച്ചടയ്ക്കും എന്നറിയാത്ത അവസ്ഥയാണെന്ന് കർഷകനായ കെ.ഷാജികുമാർ പറയുന്നു. നഗരസഭയിലെ കച്ചേരി വയലിൽ 2500 വാഴകളാണ് വെള്ളത്തിലായത്.

കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായ്ക്കടവിൽ വൈദ്യുതി ലൈനിന് മുകളിലൂടെ ചെറുപുഴയിലേക്ക് വീണ കൂറ്റൻ പന. വൈദ്യുതി ലൈനുകൾ പൊട്ടുകയും വൈദ്യുതി തൂണുകൾ കേടുപറ്റുകയും ചെയ്തു.
കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായ്ക്കടവിൽ വൈദ്യുതി ലൈനിന് മുകളിലൂടെ ചെറുപുഴയിലേക്ക് വീണ കൂറ്റൻ പന. വൈദ്യുതി ലൈനുകൾ പൊട്ടുകയും വൈദ്യുതി തൂണുകൾ കേടുപറ്റുകയും ചെയ്തു.
ഇതിനു സമീപം കക്കടവത്ത് പൊയിൽ ഷെറിന്റെയും 1000 വാഴകൾ വെള്ളത്തിലായി. കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പ് ഭാഗത്ത് അടുക്കത്തിൽ മുഹമ്മദ് ഹാജി, ചന്ദ്രൻ നെല്ലിക്കാപറമ്പ്, ബർമാൻ തുടങ്ങിയവയുടെ വാഴക്കൃഷിയും വെള്ളത്തിൽ നശിച്ചു. ഇരുവഞ്ഞി, ചെറുപുഴകൾ കരകവിഞ്ഞതോടെയാണു മിക്കയിടത്തും കൃഷി വെള്ളത്തിലായത്.

∙ കനത്ത മഴയിലും കാറ്റിലും വല്ലത്തായ്ക്കടവിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് കൂറ്റൻ പന വീണു. വൈദ്യുതി ലൈനുകൾ പൊട്ടുകയും വൈദ്യുതി തൂണുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു. വൈദ്യുതി വിതരണം മുടങ്ങി. അഗ്നിരക്ഷാ സേനയുടെയും പഞ്ചായത്ത് അംഗം അഷ്റഫ് തച്ചാറമ്പത്തിന്റെയും വളപ്പൻ മമ്മദിന്റെയും നേതൃത്വത്തിൽ ഏറെ നേരത്തെ ശ്രമത്തിൽ പന മുറിച്ചു മാറ്റി.

error: Content is protected !!