
newsdesk
മുക്കം : മുക്കം നഗരസൗന്ദര്യവത്കരണത്തിന്റെ ഭാഗമായി പി.സി. ജങ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകൾ കേടായതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. 15 ലക്ഷത്തോളം രൂപ ചെലവാക്കി സ്ഥാപിച്ച സിഗ്നൽ ലൈറ്റുകളാണ് ഒന്നരവർഷത്തിനകം കണ്ണടച്ചത്. ഇതോടെ കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ മുക്കം പി.സി. ജങ്ഷനിൽ അപകടങ്ങൾ പതിവായി. നാല് പ്രധാനപ്പെട്ട റോഡുകൾ സംഗമിക്കുന്ന ജങ്ഷനാണിത്.
പൊതുമേഖലാസ്ഥാപനമായ കെൽട്രോണിനായിരുന്നു നിർമാണച്ചുമതല.
ഉദ്ഘാടനംചെയ്ത് ഒരുവർഷത്തിനുശേഷം ലൈറ്റുകൾ പ്രവർത്തനരഹിതമായി. ഇടിമിന്നലിൽ ലൈറ്റുകൾ കേടായതായിരുന്നെന്നും പ്രശ്നം പരിഹരിച്ചെന്നുമാണ് കെൽട്രോൺ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, ലൈറ്റുകൾ ഇപ്പോഴും പ്രവർത്തിക്കുന്നില്ല.