
newsdesk
മുക്കം: മുസ്ലിം അനാഥാലയത്തിലെ അന്തേവാസികളായ വിദ്യാർത്ഥികൾക്ക് വിരുന്നൊരുക്കി കാലിക്കറ്റ് എഫ് സി താരങ്ങളും മാനേജ്മെന്റും .പത്രങ്ങളിലൂടെയും ടി വി യിലൂടെയും മാത്രം കണ്ടും കേട്ടും പരിചയമുള്ള താരങ്ങൾ നേരിട്ടെത്തി തങ്ങളുടെ ഒപ്പം കൂടിയതും ഭക്ഷണം കഴിച്ചതും വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി .
സൂപ്പര്‍ ലീഗ് കേരള ഫുട്ബോൾ ടീമായ കാലിക്കറ്റ് എഫ്.സിയുടെ വിദേശ താരങ്ങളും കോച്ച്മാരായ ധനൂപ് , ആഷിഖ് , മനോജ് എന്നിവരാണ് തങ്ങളുടെ തിരക്കുകൾക്കിടയിലും മുക്കം മുസ്ലിം അനാഥാലയത്തിന്റെ മണാശ്ശേരിയിലെ അന്തേവാസികളായ കുഞ്ഞുമക്കൾക്ക് വിരുന്നൊരുക്കിയത് .
മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ബെൽഫോർട് അടക്കം ഘാന ,സെനഗൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 5 വിദേശ താരങ്ങളും മറ്റു സഹകളിക്കാരും വിദ്യാർത്ഥികൾക്കൊപ്പം സെല്ഫിയെടുത്തും പാട്ടുപാടിയും വിരുന്നു ഗംഭീരമാക്കി.പിന്നീട് ഇവർക്ക് ഭക്ഷണം വിളമ്പിയും കൂടെ ഭക്ഷണം കഴിച്ചും കുറെ നേരം അവർ ആ കാമ്പസിൽ ചിലവഴിച്ചു .
കുട്ടികളോടൊത്തു സമയം ചിലവഴിക്കാനും അവർക്ക് ഭക്ഷണം നൽകാൻ കഴിഞ്ഞതും തനിക്ക് മറക്കാനാവാത്ത അനുഭവം ആണെന്ന് ടീമിന്റെ ഹെഡ് കോച് ഇയാന്‍ ആന്‍ഡ്രൂ ഗിലിയൻ പറഞ്ഞു
ഇത്രയും ടൈറ്റ് ഷെഡ്യൂളിന്റെയും സ്‌ട്രെസ്സുകൾക്കുമിടയിൽ ഇതുപോലെ ഒരു നന്മപ്രവർത്തിയിൽ പങ്കെടുക്കാൻ പറ്റിയതിൽ വളരെയധികം സന്തോഷമുണ്ടെന്നു ടീമിന്റെ സഹ പരിശീലകൻ ബിബി തോമസ് പറഞ്ഞു
കാലിക്കറ്റ് എഫ്.സിയുടെ ടീമിന് ഭക്ഷണം തയ്യാറാക്കുന്ന പ്രമുഖ കാറ്ററിങ് ടീം ആയ അംവാജ് ഗ്രൂപ്പായിരുന്നു ഇവർക്കും ഭക്ഷണം തയ്യാറാക്കിയത് .
വയറും മനസും നിറച്ചാണ് വിദ്യാർത്ഥികളും കാലിക്കറ്റ് എഫ്.സിയുടെ താരങ്ങളും പിരിഞ്ഞത്