NEWSDESK
മുക്കം∙ ജനം ഒഴുകിയെത്തിയതോടെ മുക്കത്തെ നവകേരള സദസ്സ് ജനസാഗരമായി. 10,000 പേർക്ക് ഇരിപ്പിടം ഒരുക്കിയെങ്കിലും അതിലേറെ പേർ എത്തി. തിരുവമ്പാടി നിയോജക മണ്ഡലം തല നവകേരള സദസ്സ് ഒരുക്കിയ അനാഥശാലയുടെ ഒഎസ്എ ഓഡിറ്റോറിയത്തിനു പുറത്ത് വിശാലമായ പന്തലിൽ ആളുകളെ ഉൾക്കൊള്ളിക്കാൻ കഴിയാതെ അധികൃതരും വിഷമിച്ചു. 15000 പേർ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു.
രാവിലെ 8 മുതൽ തന്നെ വേദിയിലേക്ക് മലയോര മേഖലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകളെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തുമ്പോഴും ആളുകൾ എത്തിക്കൊണ്ടിരുന്നു. തൃക്കുടമണ്ണ ശിവക്ഷേത്രം റോഡിലൂടെയും അനാഥശാലയുടെ പ്രവേശന കവാടത്തിലൂടെയും ആളുകൾ വേദിയിലെത്തി. തിരക്ക് നിയന്ത്രിക്കാൻ അധികൃതരും പാടുപെട്ടു.
10 മണി കഴിഞ്ഞതോടെ മന്ത്രിമാരായ സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, ജെ.ചിഞ്ചു റാണി എന്നിവർ വേദിയിലെത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ലിന്റോ ജോസഫ് എംഎൽഎയുടെ അധ്യക്ഷ പ്രസംഗവും ആദ്യമെത്തിയ 3 മന്ത്രിമാരുടെ പ്രസംഗവും കഴിയാറായതോടെ 12 മണി കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും വേദിയിലെത്തി. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും സംഘാടക സമിതി ഭാരവാഹികൾ ചേർന്ന് സ്വീകരിച്ചു.
ലിന്റോ ജോസഫ് എംഎൽഎ, കലക്ടർ സ്നേഹിൽ കുമാർ സിങ്, നോഡൽ ഓഫിസർ കെ.വിനയരാജ്, ടി.വിശ്വനാഥൻ, വി.കെ.വിനോദ്, ആദർശ് ജോസഫ്, മുക്കം മുഹമ്മദ്, വി.കുഞ്ഞാലി, കെ.മോഹനൻ, പി.ടി.ബാബു, വി.പി.ജമീല തുടങ്ങിയവർ നേതൃത്വം നൽകി.