newsdesk
മുക്കം നഗരസഭയിലെ വെസ്റ്റ് ചേന്ദ മംഗല്ലൂരിൽ സ്വകാര്യ വ്യക്തി നടത്തിയ റോഡ് കൈയേറ്റത്തിന് നഗരസഭ ഒത്താശ ചെയ്യുന്നതായി ആക്ഷേപം .നഗരസഭയിലെ 21 ആം ഡിവിഷനിൽ നഗരസഭയുടെ ആസ്തി രെജിസ്റ്ററിൽ ഉൾപ്പെട്ട തേവും തോട്ടത്തിൽ -എടോളിപ്പാലി റോഡ് ആണ് സ്വകാര്യ വ്യക്തി കയ്യേറി നിരവധി കുടുംബങ്ങൾക്ക് ദുരിതമായിരിക്കുന്നത് .
ഒരു കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിൻറെ മധ്യഭാഗത്ത് വെച്ച് ഈ കുടുംബം റോഡ് കൈയേറി മാർഗ തടസം സൃഷ്ഠിച്ചതായാണ് പരാതിഉയരുന്നത് . എന്നാൽ ഈ പ്രവർത്തിക്കെതിരെ ഒരു നടപടിയും എടുക്കാൻ നിലവിൽ നഗരസഭാ പ്രതിനിധികൾ തയാറായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു
റോഡ് തടഞ്ഞതിന് സമീപത്തായി നിരവധി കുട്ടികൾ പഠിക്കുന്ന നഗരസഭയുടെ സ്മാർട്ട് അങ്കണവാടി പണി പൂർത്തീകരിച്ചിട്ടുണ്ട് .ഉത്‌ഘാടന സജ്ജമായ ഈ അങ്കണവാടിയിലേക്ക് കുട്ടികളെ എത്തിക്കേണ്ടതും ഈ റോഡിലൂടെ തന്നെയാണ് എന്ന വസ്തുത നിലനിൽക്കെ തന്നെ കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ .
കൈയേറ്റം ഒഴിവാക്കി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ജില്ലാ കലക്ടർ ,ആർ .ഡി .ഒ ,തഹസിൽദാർ എന്നിവരുടെ ഉത്തരവ് ഉണ്ടായിട്ടും ,ഇതിനെതിരെ മുക്കം നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല .അതേ സമയം പോലീസിന്റെ സഹകരണത്തോടെ മാത്രമേ ഇതിനൊരു പരിഹാരം കാണാൻ സാധിക്കുകയുള്ളു എന്നും പോലീസിന്റെ സഹായത്തോടെ ഉടനടി നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു