Site icon CTV Online

സൈക്കിൾ ഫ്രെയിമിൽ കാൽ കുടുങ്ങിയ വിദ്യാർത്ഥിയെ മുക്കം അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

മുക്കം: സൈക്കിളിന്റെ ഫ്രയിമിനുള്ളിൽ കാൽ കുടുങ്ങിയ കുട്ടിയെ മുക്കം അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പിൽ ജാഫറിന്റെ മകൻ ഹസൻ റംലി(10) എന്ന കുട്ടിയുടെ കാലാണ് സൈക്കിൾ ചക്രത്തിന്റെയും ഫ്രെയിമിന്റെയും ഉള്ളിൽ കുടുങ്ങിയത്.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെ സൈക്കിൾ ഓടിക്കുന്നതിനിടെ അബദ്ധവശാൽ കുട്ടിയുടെ കാല് കുടുങ്ങുകയായിരുന്നു. വീട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് മുക്കം അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചു. സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ എത്തിയ മുക്കം അഗ്നി രക്ഷാസേന ഷിയേഴ്സ്, ഹൈഡ്രോളിക് സ്പ്രഡർ എന്നിവ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ രാജേഷ് ഫയർ ഓഫീസർമാരായഎം സി സജിത്ത് ലാൽ, എ എസ് പ്രദീപ്, വി സലിം, വൈ പി ഷറഫുദ്ദീൻ, പി നിയാസ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

Exit mobile version