Site icon CTV Online

പോയാലോ മ്മക്ക് പോയാലോ, മുക്കം ബസ്സില് കേറീട്ട് മുക്കം ഫെസ്റ്റിന് പോയാലോ..’; വൈറൽ പാട്ടുകാരനെ ആദരിച്ച് സംഘാടക സമിതി;അറിയാം മുക്കം ഫെസ്റ്റിലെ ഇന്നത്തെ വിശേഷങ്ങൾ

മുക്കം : കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പാട്ട് ആയിരുന്നു മുക്കം ഫെസ്റ്റിനെക്കുറിച്ചുള്ള പാട്ട്. ‘പോയാലോ മ്മക്ക് പോയാലോ, മുക്കം ഫെസ്റ്റിന് പോയാലോ’ എന്ന് താളത്തിൽ പാടിയത് ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് സാം. അച്ഛന്റെ ബൈക്കിന് മുകളിലിരുന്ന് ആയിരുന്നു പാട്ട്. പാട്ടിന്റെ താളവും ഒഴുക്കും കണ്ട അച്ഛൻ അതെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കണ്ണടച്ച് തുറക്കും മുമ്പ് പാട്ടും പാട്ടുകാരനും വൈറലായി, മുക്കം ഫെസ്റ്റ് സംഘാടക സമിതി പാട്ടുകാരനെ ആദരിക്കുകയും ചെയ്തു.

‘പോയാലോ മ്മക്ക് പോയാലോ, മുക്കം ഫെസ്റ്റിന് പോയാലോ, മുക്കം ബസ്സില് കേറീട്ട് മുക്കം ഫെസ്റ്റിന് പോയാലോ, മുക്കം ബസ്സില് കേറീട്ട് അഗസ്ത്യാമുഴിയില് ഇറങ്ങീട്ട്, പാലത്തിന്റെ ആടത്തിട്ട് നടന്നിട്ട്, അവിടുന്ന് താഴോട്ട് നടക്കണം, താഴോട്ട് നടന്നാ പാലെത്തി, പാലത്തീന്റെ അടീല് പോയീട്ട്, ടിക്കറ്റെടുക്കണം, ടിക്കറ്റെടുക്കണേൽ 80 ഉറുപ്പിക, അത്രേയൊന്നും ഞമ്മളേൽ ഇല്ല, വല്യോർക്കാണേൽ 100 ഉറുപ്പിക, അത്രേയൊന്നും ഞമ്മളേൽ ഇല്ല’ – മുഹമ്മദ് സാം മുക്കം ഫെസ്റ്റിനെക്കുറിച്ചുള്ള പാട്ട് അവസാനിപ്പിച്ചത് ടിക്കറ്റ് നിരക്ക് അൽപം അധികമാണെന്ന് പറഞ്ഞാണ്. ഏതായാലും മുഹമ്മദ് സാമിന്റെ പാട്ട് ഇഷ്ടപ്പെട്ട മുക്കം ഫെസ്റ്റ് സംഘാടക സമിതി കുട്ടിയെ ആദരിക്കുകയും ചെയ്തു.

മണാശ്ശേരി എം എം ഒ യുപി സ്കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ് സാം. മുക്കം ഫെസ്റ്റിന് കൊണ്ടുപോകാൻ തന്റെ പിതാവിനോട് ആവശ്യപ്പെട്ടു കൊണ്ട് സ്വയം പാടുന്ന പാട്ടാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പൂളപ്പൊയിലിലെ പുലേരി ഹുസൈന്റെ മകനാണ് മുഹമ്മദ് സാം. പിതാവ് തന്നെയാണ് വിഡിയോ പകർത്തിയത്.

അതേസമയം, മുഹമ്മദ് സാമിന്റെ പാട്ട് കേട്ട മിക്കവരും കുട്ടി പാടിയത് സത്യമാണെന്നും ടിക്കറ്റ് നിരക്ക് അൽപം കൂടുതലാണെന്നും കമന്റ് ബോക്സിൽ കുറിച്ചു. മലയോര മേഖലയുടെ ഉത്സവമായ മുക്കം ഫെസ്റ്റിലെ റോബോട്ടിക് എക്സ്പോ ഇതിനകം തന്നെ ശ്രദ്ധ കവർന്നിരുന്നു. അതിൽ തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയങ്കരമായത് റോബോട്ടിക് ഡോഗ് ആയിരുന്നു. ഫെബ്രുവരി ആറിനാണ് മുക്കം ഫെസ്റ്റ് ആരംഭിച്ചത്. വൈകുന്നേരം മുന്നു മണി മുതൽ രാത്രി 10.30 വരെയാണ് ഫെസ്റ്റ്. എട്ടു മണി മുതൽ കലാസന്ധ്യയും ഉണ്ട്.

കുട്ടികൾക്കും , ന്യൂ ജനറേഷനും ,വയോജനങ്ങൾക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന പരിപാടികൾ ആണ് മുക്കം ഫെസ്റ്റിന്റെ വേദിയിൽ ഓരോ ദിവസവും എത്തുന്നത് .ഇന്ന് മുക്കം ഫെസ്റ്റിന്റെ വേദിയിൽ ഏകപാത്ര നാടകം ആവേ മറിയ അരങ്ങേറും .

Exit mobile version