Site icon CTV Online

‘ശിഖണ്ഡി’ എന്ന പ്രയോഗം; കവിത പിൻവലിച്ച് എം എസ് ബനേഷ്

Web Desk

‘കൊലപാതകം: ചില നിരീക്ഷണങ്ങള്‍’ എന്ന പേരില്‍ 21 വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച കവിത പിൻവലിച്ച് എം എസ് ബനേഷ്. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ബനേഷിന്റെ ആദ്യ കവിതാസമാഹാരമായ ‘നെഞ്ചുംവിരിച്ച് തലകുനിക്കുന്നു’ എന്ന പുസ്തകത്തില്‍ നിന്നുകൂടി ആ കവിത പിന്‍വലിക്കുന്നതായി കവി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ബനേഷിന്റെ ക്ഷമാപണം. രണ്ടു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദത്തിന്‍റെ വിശാലമായ മാനവികാര്‍ത്ഥം കേരളത്തില്‍ പലര്‍ക്കും പിടികിട്ടാതിരുന്നതുപോലെ എനിക്കും ആ വാക്കിന്‍റെ ഗഹനത അറിയാന്‍ കഴിഞ്ഞിരുന്നില്ല. നിരന്തരമായി രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിരുന്ന ഒരു വേളയിലായിരുന്നു ആ കവിത ഞാനെഴുതിയത്.

കഴിഞ്ഞ വര്‍ഷം ട്രാന്‍സ് ജെന്‍ഡര്‍ അനന്യയും കൂടി പങ്കെടുത്ത ഒരു പരിപാടിയുടെ ചിത്രീകരണത്തിനുശേഷം, കട്ടന്‍ചായ കുടിച്ചിരിക്കെ, അനന്യ എന്‍റെ കവിതാസമാഹാരത്തിലെ ഈ കവിത വായിച്ചിട്ട് എന്നെ നോക്കിയ ഒരു കഠിനനോട്ടമുണ്ട്. അന്നാണ് ഈ കവിതയിലെ അപായസൂചന എനിക്ക് ആദ്യം തെളിഞ്ഞുകിട്ടിയത്. നപുംസകമെന്നും ശിഖണ്ഡിയെന്നുമുള്ള രണ്ടുപദങ്ങള്‍ ഒഴിവാക്കി മറ്റേതെങ്കിലും പദങ്ങളാല്‍ ആ കവിതയെ നിലനിര്‍ത്താന്‍ കഴിയുമോയെന്ന് ഞാന്‍ പിന്നീട് പല സന്ദര്‍ഭങ്ങളില്‍ ആലോചിച്ചുനോക്കി. ഇപ്പോള്‍ മനസ്സിലാവുന്നു ആ കവിതയെഴുതിയ വേളയിലെ മനസ്സിലെ പൊതുബോധമാണ് കുറ്റക്കാരന്‍. അതിനുള്ള പ്രായശ്ചിത്തം ഈ കവിത പിന്‍വലിക്കുക തന്നെയാണ്’ എന്നാണ് ബനേഷ് പറഞ്ഞത്.

Exit mobile version