
newsdesk
തിരുവനന്തപുരം: മേയ് മുതൽ റിവേഴ്സ് പാർക്കിംഗും ഗ്രേഡിയന്റ് പരീക്ഷണവും ഉൾപ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാൻ ഉത്തരവായെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ഒരിടത്തും സ്ഥലമൊരുക്കാനുള്ള തുക അനുവദിച്ചില്ല. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം നടക്കില്ല. ടെസ്റ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനം മാത്രമേ നടപ്പാവൂ. മേയ് മുതൽ ദിവസം 20 പുതിയ അപേക്ഷകരെയും പത്ത് പരാജയപ്പെട്ടവരെയും മാത്രമാകും ടെസ്റ്റിൽ പങ്കെടുപ്പിക്കുക.
വകുപ്പിന്റെ കൈവശമുള്ള എട്ട് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് ട്രാക്കുകൾ പോലും പൂർണസജ്ജമല്ല. മന്ത്രിയുടെ നിർദേശപ്രകാരം 77 ഓഫീസുകളുടെ പരിധിയിൽ ടെസ്റ്റിനു സ്ഥലമൊരുക്കാൻ ഉദ്യോഗസ്ഥർ പദ്ധതി തയ്യാറാക്കിയിരുന്നു. ഒന്നരമാസം കാത്തിരുന്നിട്ടും തുക അനുവദിച്ചില്ല. ഇതിനിടെയാണ് മേയ് മുതൽ റിവേഴ്സ് പാർക്കിംഗും ഗ്രേഡിയന്റ് പരീക്ഷണവും ഉൾപ്പെടെ ഡ്രൈവിംഗ് ടെസ്റ്റ് കർശനമാക്കാൻ നിർദേശം നൽകിയത്.നിലവിലെ ടെസ്റ്റിൽ പരമാവധിപേരെ പരാജയപ്പെടുത്താൻ നിർദേശമുണ്ടെന്നാണ് ഡ്രൈവിംഗ് സ്കൂളുകാരുടെ പരാതി.എണ്ണം കുറയ്ക്കുന്നതോടെ ലൈസൻസിനുള്ള കാത്തിരിപ്പു നീളും.
