
Web Desk
ഇ–ബുൾ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ ഗതാഗതവകുപ്പിനു ലഭിച്ചത് നിരവധി പരാതികള്‍. ഉന്നതരെ നിരവധി തവണ ഫോണില്‍ വിളിച്ച് ചിലര്‍ പരാതിപ്പെട്ടു. ദൃശ്യങ്ങളും അയച്ചുനല്‍കി. പരാതിക്കു പിന്നില്‍ ഒരു വിഭാഗം വ്ലോഗര്‍മാരാണെന്നാണ് സൂചന. മറ്റൊരു വ്ലോഗര്‍ക്കെതിരായ നടപടിയെ ഇ-ബുൾ ജെറ്റ് പിന്തുണച്ചിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ അൻപതിലേറെ ഫോൺകോളുകളാണ് ഇവർക്കെതിരെ തിരുവനന്തപുരത്തെ ഗതാഗത കമ്മിഷണറുടെ ഓഫിസിൽ ലഭിച്ചത്. പരാതികൾ സാധൂകരിക്കുന്ന ചിത്രങ്ങളും ലഭിച്ചെന്നാണ് അധികൃതർ അറിയിച്ചത്. ഇവർ റോഡിൽ വാഹനമോടുക്കുന്നത് അപകടകരമാംവിധമാണെന്നു കാണിക്കുന്നതാണു നാട്ടുകാരും സാമൂഹിക പ്രവർത്തകരും നൽകിയ പരാതികൾ. അതിൽ പലരും ഇവർ വാഹനം മോടി പിടിപ്പിച്ചതിന്റെയും വേഗത്തിൽ പായുന്നതിന്റെയുമൊക്കെ ദൃശ്യങ്ങളും നൽകി. പരാതിക്കാരുടെ കൂട്ടത്തിൽ യുട്യൂബിൽ സജീവമായ മറ്റു വ്ലോഗർമാരും ഉണ്ടെന്നാണു വ്യക്തമാകുന്നത്.
ഇത്തരത്തിൽ തുടർച്ചയായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ ഗതാഗത കമ്മിഷണർ കണ്ണൂർ മോട്ടർ വെഹിക്കൽ ഡിപാർട്മെന്റിന് നിർദേശം നൽകിയതെന്നാണ് വിവരം. അതേസമയം, അറസ്റ്റിലായ ഇ–ബുൾ ജെറ്റ് സഹോദരന്മാരെ കോടതി റിമാൻഡിൽ വിട്ടിരിക്കുകയാണ്.
