Site icon CTV Online

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ പീഡിപ്പിച്ചത് 400 പേർ; മൂന്ന് പേർ അറസ്റ്റിൽ

Web Desk

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആറ് മാസത്തിനിടെ 400 പേർ പീഡിപ്പിച്ചെന്ന് റിപ്പോർട്ട്.16 വയസ്സുകാരിയാണ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സംഭവത്തിൽ പെൺകുട്ടി പരാതിപ്പെടുന്നത്. ബീഡ് പോലീസ് സൂപ്രണ്ട് രാജസ്വാമിയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

പെൺകുട്ടിയുടെ അമ്മ കുട്ടിയ്‌ക്ക് രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് മരിക്കുന്നത്. തുടർന്ന് പിതാവിനൊപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്. എട്ട് മാസം മുൻപ് പെൺകുട്ടിയെ പിതാവ് വിവാഹം ചെയ്ത് അയച്ചു. ഭർത്താവിന്റെ വീട്ടിൽ നിന്നും യുവതിയ്‌ക്ക് ക്രൂരമായ പീഡനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. തുടർന്ന് പെൺകുട്ടി അവിടെ നിന്നും രക്ഷപെടുകയും സ്വന്തം വീട്ടിൽ തിരികെ വരികയും അച്ഛൻ പെൺകുട്ടിയോട് തിരികെ ഭർതൃ വീട്ടിൽ തന്നെ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് പിതാവ് കുട്ടിയെ വീട്ടിൽ നിന്നും ഇറക്കിവിടുകയായിരുന്നു.

ബീഡിൽ തന്നെ ഭിക്ഷാടനം നടത്തിയാണ് പെൺകുട്ടി പിന്നീട് ജീവിക്കാൻ തുടങ്ങിയത്. അന്ന് മുതലാണ് ഈ 16 വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായിത്തുടങ്ങിയത്. നിരവധി പേർ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെൺകുട്ടി തന്നെയാണ് പോലീസിനോട് പറയുന്നത്. പരാതി നൽകാൻ അംബജോഗൈ പോലീസ് സ്റ്റേഷനിൽ പലതവണ കയറി ഇറങ്ങിയതാണ്. പോലീസ് നടപടി എടുത്തില്ലെന്ന് മാത്രമല്ല അവിടെയുള്ള ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നെ പീഡിപ്പിച്ചുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.

പെൺകുട്ടിയുടെ പരാതിയിൽ ബീഡ് പോലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. കുട്ടി ഇപ്പോൾ ഗർഭിണിയാണ്. ശിശുക്ഷേമ വകുപ്പ് പെൺകുട്ടിയെ ഏറ്റെടുത്തതായി പോലീസ് അറിയിച്ചു. കുറ്റക്കാരെ ആരെയും വെറുതെ വിടില്ലെന്നും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും രാജസ്വാമി മുന്നറിയിപ്പ് നൽകി. സംഭവത്തിൽ ശൈശവ നിയമ പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്‌സോ, ബലാത്സംഗം, പീഡനം തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മറ്റ് പ്രതികളെ എല്ലാവരേയും ഉടൻ പിടികൂടുമെന്നും ചിലരെ കുറിച്ച് വിവരം ലഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Exit mobile version