Site icon CTV Online

ഖാദറിനെ തള്ളി മുനീര്‍; ആര്‍എസ്എസ് പരിപാടിയില്‍ പോയത് തെറ്റ്

Web Desk

കെഎന്‍എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് തെറ്റെന്ന് മുസ്ലീംലീഗ് നേതാവ് എംകെ മുനീര്‍. ഉന്നതാധികാരസമിതിയുടെ അനുമതിയോടെയല്ല ഖാദര്‍ പങ്കെടുത്തത്. പരിപാടിയില്‍ പങ്കെടുക്കാനുണ്ടായ സാഹചര്യം പാര്‍ട്ടി പരിശോധിക്കും. ഇക്കാര്യത്തില്‍ കെഎന്‍എ ഖാദറിന്റെ വിശദീകരണവും കേള്‍ക്കും. പാര്‍ട്ടി നയത്തിനെതിരായാണ് പരിപാടിയില്‍ പങ്കെടുത്തതെന്നും മുനീര്‍ പറഞ്ഞു.

താന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തെന്ന് ചിലര്‍ വ്യാപകമായി ദുഷ്പ്രചാരണം നടത്തുന്നുണ്ടെന്ന് കെഎന്‍എ ഖാദര്‍ പറഞ്ഞു. അത് ശുദ്ധമായ അസംബന്ധമാണ്. ആര്‍എസ്എസ് പരിപാടിയില്‍ താന്‍ പങ്കെടുത്തിട്ടില്ല. സ്‌നേഹബോധിയുടെ ഭാഗമായി ബുദ്ധപ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയായിരുന്നു അത്. പ്രതിമ അനാച്ഛാദനം ചെയ്തത് സിനിമാ സംവിധായകന്‍ രഞ്ജി പണിക്കരാണ്. താന്‍ ആശംസ പ്രാസംഗികനായിരുന്നു. ആര്‍ട്ടിസ്റ്റ് മദനനും ഉണ്ടായിരുന്നു. ആര്‍എസ്എസുകാരുടെ പരിപാടിയല്ലെന്നാണ് എന്റെ അറിവ്, മതങ്ങള്‍ക്കിടയില്‍ സംഘര്‍ഷം വര്‍ധിക്കുന്ന കാലഘട്ടത്തില്‍ എല്ലാവര്‍ക്കും ഇടയില്‍ ഐക്യം വേണമെന്ന് താന്‍ ഏറെക്കാലമായി പറയുന്നതാണെന്നും ഖാദര്‍ പറഞ്ഞു.

ചൊവ്വാഴ്ച കേസരി ആസ്ഥാനത്ത് ആയിരുന്നു ആര്‍എസ്എസ് നേതൃത്വത്തില്‍ സ്‌നഹബോധി പരിപാടി നടന്നത്.

Exit mobile version