മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; ‘അധിക താത്കാലിക ബാച്ചനുവദിക്കും; പ്രതിസന്ധി പഠിക്കാൻ സമിതി’; മന്ത്രി വി ശിവൻകുട്ടി

മലപ്പുറത്തെ സീറ്റ് പ്രതിസന്ധിയിൽ അധിക താത്കാലിക ബാച്ചനുവദിക്കാൻ സർക്കാർ തീരുമാനമായെന്ന് വി​ദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രതിസന്ധി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടംഗ സമിതിയെ നിയോഗിക്കും. മലപ്പുറം ആർഡിഡിയും വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറും സമിതിയിൽ അംഗങ്ങളാകും. 15 വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

സപ്ലിമെന്ററി അലോട്ട്‌മെന്റോടെ പ്രശ്‌നം പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് ലഭിച്ചതിന് ശേഷം അധിക ബാച്ച് വേണോ എന്നതിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അടുത്തമാസം 7,8 തീയതികളിലാണ് സപ്ലെമെന്ററി അലോട്ട്‌മെന്റിൽ അഡ്മിഷൻ നടക്കുക. സ്‌കോൾ കേരള വഴിയുള്ള അഡ്മിഷൻ സപ്ലിമെന്ററി അലോട്ട്‌മെന്റിലെ അഡ്മിഷൻ നടന്നതിന് ശേഷം നടത്തുമെന്ന് മന്ത്രി അറിയിച്ചു. പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

മലപ്പുറത്ത് 7478 സീറ്റുകൾ കുറവുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പാലക്കാട് 1,757 സീറ്റിന്റെയും കാസർഗോഡ് 252 സീറ്റിന്റെയും കുറവുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മറ്റു ജില്ലകളിൽ പ്രതിസന്ധിയില്ലെന്ന് മന്ത്രി അറിയിച്ചു. പ്രതിസന്ധി പരിശോധിക്കാൻ നിയോ​ഗിച്ചിരിക്കുന്ന സമിതി ജൂലൈ 5നകം റിപ്പോർട്ട് നൽകണമെന്ന് നിർദേശം നൽകി.

error: Content is protected !!