
newsdesk
കോഴിക്കോട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി സമരത്തിനൊരുങ്ങി സ്വകാര്യ ബസുകള്‍. ഇതിന് മുന്നോടിയായി നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ബസ് ഉടമകള്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി.
മിനിമം ബസ് ചാര്‍ജ് 15 രൂപയാക്കി ഉയര്‍ത്തണമെന്നും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് നിലവിലെ ചാര്‍ജിന്റെ 50 ശതമാനമാക്കണമെന്നുമാണ് പ്രധാന ആവശ്യമുള്ളത്. ആവശ്യങ്ങള്‍ അടിയന്തരമായി അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും നിരത്തിലിറക്കാതെ ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പുള്ളത്.
നിലവിലെ മിനിമം നിരക്കായ 12 രൂപയില്‍ നിന്ന് 15 രൂപയായി വര്‍ധിപ്പിക്കണം. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള നിരക്കിന്റെ 50 ശതമാനമായി (കുറഞ്ഞത് 5 രൂപ മുതല്‍ 7.50 രൂപ വരെ) ക്രമീകരിക്കണം. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യമുള്ളത്.
കഴിഞ്ഞ നാലര വര്‍ഷമായി ബസ് നിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെന്നും ഈ കാലയളവില്‍ ഡീസല്‍ വിലയില്‍ മാത്രം 13 രൂപയുടെ വര്‍ധനവുണ്ടായെന്നും ബസ് ഉടമകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
