newsdesk
ലോകത്ത് ഏറ്റവും കൂടുതൽ താരമൂല്യമുള്ള ദേശീയ ടീമുകളിലൊന്നായ അർജന്റീനയെ കേരളത്തിൽ എത്തിക്കാൻ 4-5 ദശലക്ഷം ഡോളർ ( ഏകദേശം 32- 40 കോടി ഇന്ത്യൻ രൂപ) ചെലവഴിക്കണം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്.
ട്രാൻസ്ഫർ മാർക്കറ്റ് ഡോട് കോമിന്റെ വിലയിരുത്തൽ പ്രകാരം 6334 കോടി രൂപയാണ് അർജന്റൈൻ ദേശീയ ടീമിന്റെ ആകെ മൂല്യം.മൂല്യത്തിൽ ആറാമതാണ് സംഘം. 9196 കോടി മൂല്യമുള്ള ഇംഗ്ലണ്ടാണ് ഒന്നാമത്.
8736 കോടി മൂല്യവുമായി ബ്രസീൽ രണ്ടാമതു നിൽക്കുന്നു. 8496 കോടി മൂല്യമുള്ള ഫ്രാൻസാണ് മൂന്നാമത്. പോർച്ചുഗൽ, സ്‌പെയിൻ എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.
2011ൽ ഇന്ത്യയിൽ കളിച്ച ടീമാണ് അർജന്റീന. കൊൽക്കത്ത സാൾട്ട്‌ലേക്കിൽ നടന്ന മത്സരത്തിൽ വെനിസ്വലയായിരുന്നു എതിരാളി. 85000 കാണികൾക്ക് മുമ്പിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജന്റീനയുടെ ജയം.
അതേസമയം, അടുത്തവർഷം കേരളത്തിൽ കളിക്കാൻ എത്തും എന്ന് കരുതുന്ന അർജന്റീന ലോക റാങ്കിങ്ങിൽ ഏറെ താഴയുള്ള ഇന്ത്യൻ ടീമുമായി മത്സരിക്കാൻ സാധ്യതയില്ല.
അതുകൊണ്ടു തന്നെ റാങ്കിങ്ങിൽ മുകളിൽ നിൽക്കുന്ന ടീമിനെ കണ്ടെത്തേണ്ടി വരും. ഇതിന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ സഹായവും ആവശ്യമായി വരും. മലപ്പുറത്താണ് ഒരു മത്സരം നടക്കുക. എന്നാൽ രണ്ടാമത്തെ വേദി ഏതാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.