വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം വൃഷണം നീക്കം ചെയ്തു ; എഴുന്നേറ്റ് നിൽക്കാൻ പോലുമാവുന്നില്ല,; മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാപിഴവെന്ന് പരാതിയുമായി ആരോഗ്യവകുപ്പ് ജീവനക്കാരൻ

newsdesk

മാനന്തവാടി: വയനാട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവ് മൂലം വൃഷണം നീക്കം ചെയ്യേണ്ടിവന്നതായി പരാതി. തോണിച്ചാൽ നല്ലറോഡ് വീട്ടിൽ എൻ എസ് ഗിരീഷാണ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകിയത്.

എടവക കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലാർക്കായ ഗിരീഷ് കഴിഞ്ഞ മാസം 13നാണ് മെഡിക്കൽ കോളേജിൽ ഹെർണിയയ്‌ക്കുള്ള ശസ്ത്രക്രിയയ്‌ക്ക് വിധേയനായത്. ഡോ. ജുബേഷ് അത്തിയോട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം വേദനയും മൂത്രതടസവും ഉണ്ടായെന്നും വൃഷണത്തിന് നീരുവച്ചതായും ഗിരീഷ് നൽകിയ പരാതിയിലുണ്ട്. നടക്കാൻ പോലും കഴിയുന്നില്ലായിരുന്നു. വിവരമറിയിച്ചെങ്കിലും ഡോക്ടർ പരിശോധിച്ചില്ല.

ശസ്ത്രക്രിയ നടത്തിയതിന്റെ രണ്ടാം ദിവസം എത്തിയ ഡോ. ജുബേഷ് പരിശോധന നടത്താതെ അടുത്ത ദിവസം വീട്ടിൽ പോകാമെന്ന് അറിയിച്ചതായും പരാതിയിലുണ്ട്. 20ന് തുന്നലെടുക്കാൻ എത്തിയപ്പോൾ ഇടതുവൃഷണത്തിലെ വലിപ്പവ്യത്യാസം കണ്ട മറ്റൊരു ഡോക്ടറാണ് സ്കാനിംഗിന് നിർദേശിച്ചത്.സ്കാനിംഗ് റിപ്പോർട്ട് ശസ്ത്രക്രിയ ചെയ്ത ഡോക്ടറെ കാണിച്ചെങ്കിലും വൃഷണത്തിലെ നീര് കുറയാനുള്ള മരുന്ന് കൊടുത്ത് പറഞ്ഞുവിടുകയായിരുന്നു. ഇതിന് ശേഷം വേദന സഹിക്കാൻ കഴിയാതായതോടെ 22ന് സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് വൃഷണം നീക്കം ചെയ്തത്. ആശുപത്രിയിലെ മറ്റ് ഡോക്ടർമാരും നഴ്‌സ് ഉൾപ്പെടെയുള്ള ജീവനക്കാരും ചികിത്സാരേഖ തിരുത്തിയതായും ഗിരീഷ് പരാതിപ്പെട്ടു. പരാതി ലഭിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ് പറഞ്ഞു.

error: Content is protected !!